ഉരുളക്കിഴങ്ങ് ഫ്രിജില്‍ സൂക്ഷിക്കല്ലേ… അര്‍ബുദം വരാം….

single-img
27 October 2018

ഉരുളക്കിഴങ്ങ് എന്നത് വളരെ എളുപ്പത്തില്‍ നമ്മുടെ ആഹാരത്തിന്റെ ഭാഗമായ പച്ചക്കറിയാണ്. പാചകം ചെയ്യാനുള്ള എളുപ്പത്തിലും വ്യത്യസ്ഥമായ രുചികള്‍ പരീക്ഷിക്കാവുന്നതു കൊണ്ടും ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നവര്‍ വളരെക്കൂടുതലാണ്. എന്നാല്‍ ഫ്രിജില്‍ സൂക്ഷിച്ച ഉരുളക്കിഴങ്ങ് ഉപയോഗിച്ചാല്‍ അര്‍ബുദം വരാമെന്നാണ് പഠനം പറയുന്നത്.

ഫ്രിജിലെ തണുത്ത താപനില, ഉരുളക്കിഴങ്ങിലെ സ്റ്റാര്‍ച്ചിനെ ഷുഗര്‍ ആക്കി മാറ്റും. ഈ ഉരുളക്കിഴങ്ങ് 250 ഡിഗ്രി ഫാരന്‍ ഹീറ്റില്‍, അതായത് ഉയര്‍ന്ന താപനിലയില്‍ ബേക്ക് ചെയ്യുകയോ ഫ്രൈ ചെയ്യുകയോ ചെയ്യുമ്പോള്‍ ഈ ഷുഗര്‍, അമിനോ ആസിഡായ അസ്പരാഗൈനുമായി ചേര്‍ന്ന് അക്രിലാമൈഡ് എന്ന രാസവസ്തു ഉണ്ടാകുന്നു.

പേപ്പര്‍, കൃത്രിമനിറങ്ങള്‍, പ്ലാസ്റ്റിക്കുകള്‍ ഇവയെല്ലാം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് അക്രിലാമൈഡ് എന്ന ഈ രാസവസ്തു. പുകവലിയാണ് അക്രിലാമൈഡുമായി സമ്പര്‍ക്കം വരുന്ന ഒരവസരം. എന്നാല്‍ ഭക്ഷ്യവസ്തുക്കളായ ഫ്രഞ്ച് ഫ്രൈസ്, ഉരുളക്കിഴങ്ങുപ്പേരി, ക്രാക്കേഴ്‌സ് ബ്രഡ്, കുക്കീസ്, കോഫി ഇവയിലും ഈ രാസവസ്തു ഉണ്ടാകാം.

എലികളില്‍ നടത്തിയ പഠനത്തില്‍, അക്രിലാമൈഡ് അര്‍ബുദ കാരണമാകും എന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അക്രിലാമൈഡ് കാര്‍സിനോജനുകളുടെ ഗണത്തില്‍പ്പെടും. അതായത് അര്‍ബുദകാരിയായ വസ്തു. അതുകൊണ്ട് ഉരുളക്കിഴങ്ങ് ഫ്രിജില്‍ സൂക്ഷിക്കാതെ ഈര്‍പ്പമില്ലാതെ നേരിട്ട് വെയില്‍ അടിക്കാത്ത സ്ഥലത്തു സൂക്ഷിക്കണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.