ഖത്തറിന്റെ വളര്‍ച്ചയെ പ്രശംസിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍: വലിയ വാര്‍ത്തയാക്കി അന്താരാഷ്ട്ര മാധ്യമങ്ങള്‍

single-img
26 October 2018

ആഗോള നിക്ഷേപക സമ്മേളന വേദിയില്‍ വെച്ച് ഖത്തറിനെ പ്രശംസിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. പശ്ചിമേഷ്യയിലെ വികസനത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് സൗദിയുമായി അകന്നു നില്‍ക്കുന്ന ഖത്തറിനേയും പരാമര്‍ശിച്ചത്.

കയ്യടിയോടെയാണ് സൗദികള്‍ തിങ്ങി നിറഞ്ഞ സദസ്സ് വാക്കുകള്‍ സ്വീകരിച്ചത്. ഒരു വര്‍ഷത്തിലേറെയായി സൗദിയും സഖ്യരാജ്യങ്ങളും ശക്തമായി ഉപരോധിക്കുമ്പോഴും സാമ്പത്തിക വളര്‍ച്ചയുടെ പേരില്‍ ഖത്തറിനെ സൗദി പ്രശംസിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായി.

തങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങളെല്ലാം നിലനില്‍ക്കെത്തന്നെ ഖത്തറിന് അതിശക്തമായ സാമ്പത്തിക സ്ഥിതിയുണ്ട്. വരുന്ന അഞ്ച് വര്‍ഷങ്ങളില്‍ ഖത്തര്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ യൂറോപ്പ് മദ്ധ്യ പൂര്‍വ്വദേശത്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിനെതിരായ അറബ് രാജ്യങ്ങളുടെ ഉപരോധത്തിന് നേതൃത്വം നല്‍കിയത് സൗദി അറേബ്യയാണ്. ഖത്തറിന് ആകെ കര അതിര്‍ത്തിയുള്ളതും സൗദിയുമായാണ്. ഇത് അടച്ചതിന് പുറമെ സൗദി ഉള്‍പ്പെടെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ വ്യോമ പാതകള്‍ ഉപയോഗിക്കുന്നതില്‍ നിന്നുപോലും ഖത്തറിനെ വിലക്കിയിരിക്കുകയാണ്.