ഖത്തറിലെ മലയാളിയുടെ സമ്പാദ്യം മുഴുവന്‍ മഴയില്‍ കുതിര്‍ന്നു; രണ്ടു പതിറ്റാണ്ടു നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് രവിദാസ് നാട്ടിലെത്തുന്നത് വെറുംകയ്യോടെ

single-img
22 October 2018

മൂന്നാര്‍ സ്വദേശിയായ രവിദാസ് രണ്ടു പതിറ്റാണ്ടു നീണ്ട പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നത് വെറുംകയ്യോടെ. പ്രവാസജീവിതത്തിനുള്ളില്‍ രവിദാസ് സ്വരുക്കൂട്ടി വെച്ചതെല്ലാം കഴിഞ്ഞ ദിവസത്തെ മഴയെടുത്തു. രവിദാസ് താമസിച്ചിരുന്ന അല്‍ റയ്യാനിലെ താമസ സ്ഥലത്ത് വെള്ളം കയറുകയായിരുന്നു.

പ്രമുഖ വില്ല ഗ്രൂപ്പില്‍ അക്കൗണ്ടന്റായ രവിദാസ് കമ്പനിയുടെ ലേബര്‍ ക്യാംപിനോടു ചേര്‍ന്ന വീട്ടിലായിരുന്നു താമസം. ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ എത്തിയപ്പോഴാണു പ്രദേശമാകെ വെള്ളം നിറഞ്ഞതു കണ്ടത്. രണ്ടു പതിറ്റാണ്ടിനിടയിലെ ഖത്തര്‍ പ്രവാസത്തിനിടയില്‍ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവമെന്ന് രവിദാസ് പറയുന്നു.

വീട്ടിനുള്ളില്‍ കയറിയപ്പോള്‍ നെഞ്ചറ്റം വെള്ളം. കട്ടില്‍, സോഫ, മേശ തുടങ്ങി അലമാരയുടെ മുക്കാല്‍ ഭാഗവും വെള്ളത്തില്‍. അലമാരയുടെ മുകള്‍ത്തട്ടില്‍ ഉണ്ടായിരുന്ന നനയാത്ത ഡ്രസുകളും മരുന്നുകളുമായി പുറത്തിറങ്ങിയപ്പോഴേക്കും കാറിനുള്ളില്‍ വെള്ളം കയറി തിരികെ ഓഫിസിലേക്കു പോകാനാകാതെ കുടുങ്ങിപ്പോയി.

മൂന്നാറില്‍ രവിദാസിന്റെ റിസോര്‍ട്ട് നിര്‍മാണം അവസാനഘട്ടത്തിലെത്തിയപ്പോഴാണു പ്രളയം വന്നത്. അതിനാല്‍ സെപ്റ്റംബറില്‍ നടക്കേണ്ടിയിരുന്ന റിസോര്‍ട്ടിന്റെ ഉദ്ഘാടനം അനിശ്ചിതത്വത്തിലായ വിഷമത്തിലിരിക്കുമ്പോഴാണ് ഖത്തറിലെ താമസസ്ഥലവും വെള്ളത്തിലായത്.

രവിദാസ് ഖത്തറിലെ ജോലി മതിയാക്കി ഒക്ടോബര്‍ ആദ്യം നാട്ടില്‍ പോകാനിരുന്നതാണ്. പകരക്കാരനെ കിട്ടാത്തതിനാല്‍ ഡിസംബര്‍ വരെ ജോലിയില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. രവിദാസിന്റെ ഭാര്യ മിനി നാട്ടില്‍നിന്ന് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനമിറങ്ങിയെങ്കിലും റോഡിലെ വെള്ളക്കെട്ടുമൂലം വീട്ടിലെത്താനായില്ല. ദോഹയിലുള്ള ഒരു ബന്ധുവെത്തി രാത്രിയോടെയാണു മിനിയെ വീട്ടിലെത്തിച്ചത്.