കുവൈത്തിലേക്കുള്ള റിക്രൂട്ട്‌മെന്റുകള്‍ ഇനി ഓണ്‍ലൈന്‍ വഴി

single-img
22 October 2018

ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്‌മെന്റ് നടപടികള്‍ക്കു ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കുവൈത്ത് ആലോചിക്കുന്നു. അടുത്ത ആഴ്ച ഡല്‍ഹിയില്‍ ഇന്ത്യന്‍ അധികൃതരുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് കുവൈത്ത് തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് വ്യക്തമാക്കി.

ഇടനിലക്കാരെ ഒഴിവാക്കുന്നതിനും നടപടികള്‍ സുതാര്യമാക്കാനും ഇലക്ട്രോണിക് സംവിധാനം സഹായകമാകുമെന്നു മന്ത്രി പറഞ്ഞു. ഈജിപ്തില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് നടപടികള്‍ക്ക് കുവൈത്ത് നേരത്തെ തന്നെ ഇലക്ട്രോണിക് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

വിസ കച്ചവടക്കാരുടെ ഇടപെടല്‍ ഇല്ലാതാക്കുകയും മനുഷ്യകക്കടത്തു തടയുകയുമാണ് പ്രധാന ലക്ഷ്യം. ഉദ്യോഗാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത കൃത്യമായി മനസിലാക്കാനും അതിനനുസരിച്ചുള്ള ജോലി ലഭ്യമാക്കാനും ഇറിക്രൂട്ട്‌മെന്റ് വഴി സാധിക്കുമെന്നും അധികൃതര്‍ കണക്കു കൂട്ടുന്നു. നഴ്‌സിംഗ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ നടക്കുന്ന സാമ്പത്തിക ചൂഷണം ഇല്ലാതാക്കാനും പുതിയ സംവിധാനം സഹായകമാകും.