അന്ന് സച്ചിനാണ് എന്റെ രക്ഷക്കെത്തിയത്: ബിഗ്‌ബോസില്‍ ശ്രീശാന്ത്

single-img
16 October 2018

സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ഹിന്ദി ബിഗ് ബോസിലെ ഏറ്റവും പോപ്പുലര്‍ മത്സരാര്‍ഥിയാണ് മുന്‍ ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത്. വളരെ പെട്ടന്ന് പ്രതികരിക്കുന്ന ഒരാളായതിനാല്‍ ശ്രീശാന്ത് ബിഗ് ബോസില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

എന്നാലിപ്പോള്‍, മുമ്പൊരിക്കല്‍ നടന്ന അഭിമുഖത്തില്‍ സച്ചിന്‍ തന്നെ രക്ഷിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബിഗ് ബോസിലൂടെ ശ്രീശാന്ത്. 2011ലെ ഏകദിന ലോകകപ്പിനുശേഷം സച്ചിനുമായി നടന്ന ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അഭിമുഖം നടത്തുന്ന ആള്‍ ലോകകപ്പ് നേടിയ ടീമിലെ മുഴുവന്‍ പേരെ പറ്റിയും വിശദമായി ചോദിക്കുകയും പറയുകയും ചെയ്തു.

എന്റെ പേര് മാത്രം പറഞ്ഞില്ല. അഭിമുഖം അവസാനിക്കാറായിട്ടും എന്റെ പേര് അഭിമുഖം നടത്തുന്ന ആള്‍ ഒരുതവണ പോലും ചോദിക്കുകയോ പറയുകയോ ചെയ്തില്ല. എന്നാല്‍ ആ സമയം സച്ചിന്‍ എന്റെ രക്ഷകനായി. ശ്രീശാന്തും ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് സച്ചിന്‍ ആവര്‍ത്തിച്ച് പറഞ്ഞു. ആ സമയത്തൊക്കെ താന്‍ ഒരുപാട് കരയുമായിരുന്നുവെന്നും ശ്രീശാന്ത് ബിഗ് ബോസിലെ സഹതാരങ്ങളോട് വെളിപ്പെടുത്തി.

ഇന്ത്യന്‍ ക്രിക്കറ്റിലെ പേസ് ബോളര്‍മാരില്‍ ഒരുകാലത്തെ സൂപ്പര്‍താരമായിരുന്നു മലയാളിയായ ശ്രീശാന്ത്. ഇന്ത്യയുടെ രണ്ടു ലോകകപ്പ് നേട്ടങ്ങള്‍ക്കൊപ്പവുമുണ്ടായിരുന്ന താരം. കരിയറില്‍ നേട്ടങ്ങള്‍ ഓരോന്നായി എത്തിപ്പിടിക്കുമ്പോഴായിരുന്നു ഐ.പി.എല്‍ വാതുവെപ്പില്‍ ശ്രീശാന്ത് കുടുങ്ങിയത്. ഇതോടെ ബി.സി.സി.ഐ ആജീവനാന്ത വിലക്കും ശ്രീശാന്തിന് ഏര്‍പ്പെടുത്തി.

ശ്രീശാന്തിന്റെ വിലക്ക് കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നീക്കിയെങ്കിലും ബിസിസിഐയുടെ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് വിലക്ക് പുനസ്ഥാപിച്ചു. ശ്രീശാന്തിനും സഹതാരങ്ങള്‍ക്കുമെതിരെ ഒത്തുകളിക്ക് തെളിവില്ലെന്ന് പട്യാല കോടതി ഉത്തരവിട്ടുവെങ്കിലും വിലക്ക് നീക്കാന്‍ ബിസിസിഐ തയാറായില്ല. തുടര്‍ന്ന് സിനിമയില്‍ അഭിനയിച്ച ശ്രീശാന്ത് റിയാലിറ്റി ഷോകളിലും ഡാന്‍സ് ഷോകളിലും സജീവ സാന്നിധ്യമാകുകയായിരുന്നു.