സിദ്ദിഖും ജഗദീഷും തമ്മില്‍ ‘അടി’: ആര് പറഞ്ഞതാണ് സംഘടനയുടെ നിലപാടെന്ന് നടി പാര്‍വ്വതി

single-img
15 October 2018

നടീനടന്മാരുടെ സംഘടനയായ അമ്മയില്‍ ഭിന്നത. ഡബ്ല്യുസിസിക്ക് മറുപടി നല്‍കിയ പത്രക്കുറിപ്പ് സംബന്ധിച്ച് സിദ്ദിഖിന്റെ വാദം തള്ളി ജഗദീഷ് രംഗത്തെത്തി. അമ്മ പ്രസിഡണ്ട് മോഹന്‍ലാലിനോട് ചര്‍ച്ച ചെയ്താണ് വാര്‍ത്താ കുറിപ്പ് ഇറക്കിയത്. സിദ്ദിഖ് അടക്കമുള്ള ഭാരവാഹികള്‍ക്കും ഇത് അയച്ചു കൊടുത്തിരുന്നു.

താന്‍ അമ്മ വക്താവ് തന്നെ എന്നും ജഗദീഷ് വ്യക്തമാക്കി. അച്ചടക്കം ഉള്ള അംഗം എന്ന നിലയില്‍ സിദ്ദിഖിന് വ്യക്തിപരമായി മറുപടി നല്‍കുന്നില്ലെന്നും ജഗദീഷ് പറഞ്ഞു. എന്നാല്‍ കെ.പി.എ.സി ലളിതയുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നടന്‍ സിദ്ദിഖ് ജഗദീഷിനെ തള്ളിപ്പറഞ്ഞിരുന്നു.

ജഗദീഷ് പറഞ്ഞതിനെ കുറിച്ചറിയില്ല. വാര്‍ത്താക്കുറിപ്പ് പുറത്തിറക്കാന്‍ ആരാണ് ജഗദീഷിനെ ചുമതലപ്പെടുത്തിയതെന്ന് അറിയില്ല. സംഘടനയുടെ ഖജാന്‍ജി മാത്രമാണ് അദ്ദേഹമെന്ന് സിദ്ദിഖ് വ്യക്തമാക്കി. ജഗദീഷിന്റെ വാര്‍ത്താ കുറിപ്പ് കണ്ടിട്ടില്ല. അതില്‍ എന്താണ് പറഞ്ഞതെന്ന് അറിയില്ല.

താന്‍ നടത്തിയത് അമ്മയുടെ ഔദ്യോഗിക വാര്‍ത്താസമ്മേളനമാണ്. പ്രസിഡന്റ് മോഹന്‍ലാല്‍, വൈസ് പ്രസിഡന്റ് ഗണേശ് കുമാര്‍, ഇടവേള ബാബു എന്നിവരുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് താന്‍ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തതെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.

അതിനിടെ താരസംഘടനയായ അമ്മയ്ക്ക് കൃത്യസമയത്ത് മറുപടി നല്‍കുമെന്ന് ഡബ്ല്യുസിസി അംഗമായ നടി പാര്‍വ്വതി പറഞ്ഞു. ജഗദീഷ് പറഞ്ഞതാണോ സിദ്ദിഖ് പറഞ്ഞതാണോ ‘അമ്മ’യുടെ നിലപാട് എന്ന് സംഘടന തന്നെ വ്യക്തമാക്കണമെന്നും പാര്‍വ്വതി പറഞ്ഞു. ഡബ്ല്യുസിസിക്ക് മറുപടി നല്‍കിയ പത്രക്കുറിപ്പ് സംബന്ധിച്ച് സിദ്ദിഖിന്റെ വാദം ജഗദീഷ് തള്ളിയതിനു പിന്നാലെയാണ് പാര്‍വ്വതിയുടെ വിമര്‍ശനം.

 

എന്തുകൊണ്ട് മഞ്ജു വന്നില്ല; ജഗദീഷിനെ വാര്‍ത്താക്കുറിപ്പിറക്കാന്‍ ആരാണ് ഏര്‍പ്പെടുത്തിയത്; ആര് അഞ്ചരക്കോടി തന്നു?: കെ.പി.എ.സി ലളിതക്കൊപ്പം മാധ്യമങ്ങളെ കണ്ട സിദ്ധിഖിന്റെ മറുചോദ്യങ്ങള്‍