എന്തിനും തയ്യാറായി സൗദി അറേബ്യ; ഉപരോധങ്ങളുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

single-img
15 October 2018

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരേ ഉപരോധങ്ങളുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് സൗദി അറേബ്യ. ഖഷോഗ്ഗി വധിക്കപ്പെട്ടുവെന്ന് തെളിഞ്ഞാല്‍ സൗദി അറേബ്യയ്‌ക്കെതിരേ ശിക്ഷാനടപടികളുണ്ടാകുമെന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് സൗദിയുടെ പരാമര്‍ശം.

ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലെത്തിയ സൗദി വിമര്‍ശകനും വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ഖഷോഗ്ഗിയെ ദൂരൂഹസാഹചര്യത്തില്‍ കാണാതാകുന്നത്. ഖഷോഗ്ഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഉപരോധങ്ങളിലൂടെയോ രാഷ്ട്രീയസമ്മര്‍ദങ്ങളുടെയോ നടത്തുന്ന ഭീഷണികളെ തള്ളിക്കളയുന്നുവെന്ന് സൗദിഭരണകൂടത്തിലെ പേര് വെളിപ്പെടുത്താത്ത ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു.

ഖഷോഗ്ഗിയെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ സഹകരിക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് തുര്‍ക്കി ബ്രിട്ടനെ സമീപിച്ചതും സൗദിയെ ചൊടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ അന്വേഷണോദ്യോഗസ്ഥര്‍ക്ക് കോണ്‍സുലേറ്റിനുള്ളില്‍ കയറി പരിശോധന നടത്തുന്നതിന് സൗദി അനുവാദം നല്‍കുന്നില്ലെന്നും തുര്‍ക്കി ആരോപിച്ചിരുന്നു.

അതേസമയം, സൗദിയുടെ നിസ്സഹകരണത്തില്‍ പ്രതിഷേധിച്ച് ഈമാസം സൗദിയില്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്രസമ്മേളനം ബ്രിട്ടനും യു.എസും ബഹിഷ്‌കരിച്ചേക്കും. സൗദിയില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിഷ്‌കരണപദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍നിന്ന് ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം, ഉബര്‍ ചീഫ് എക്‌സിക്യുട്ടീവ് റിച്ചാര്‍ഡ് ബ്രാന്‍സന്‍ തുടങ്ങിയ ഉന്നതനേതാക്കള്‍ പിന്മാറിയിട്ടുണ്ട്.

പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് സി.എന്‍.എന്‍., ന്യൂയോര്‍ക്ക് ടൈംസ്, ഫിനാന്‍ഷ്യല്‍ ടൈംസ് എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്രമാധ്യമങ്ങളും പിന്മാറി. ഖഷോഗ്ഗിയുടെ തിരോധാനത്തെത്തുടര്‍ന്ന് പ്രതിസ്ഥാനത്തായതിനു പിന്നാലെ സൗദിയുടെ ഓഹരിവിപണിയും കനത്ത ഇടിവ് നേരിടുകയാണ്.