കുവൈത്തിലെ പ്രവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

single-img
15 October 2018

ഓണ്‍ലൈന്‍ വഴി തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വാട്‌സാപ് വഴി സന്ദേശങ്ങളയച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം ചോര്‍ത്തിയതായി നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

വാട്‌സ്ആപ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ്‌വേഡുകളും മറ്റ് സ്വകാര്യ വിവരങ്ങളും ശേഖരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പുകളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വര്‍ദ്ധിച്ചതോടെ പുതിയ രീതികളില്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുത്താണ് ഇപ്പോള്‍ കെണിയെരുക്കുന്നതെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ തൗഹീദ് അല്‍ കന്‍ദരി പറഞ്ഞു.

അപരിചിത കേന്ദ്രങ്ങളില്‍ നിന്ന് വരുന്ന ലിങ്കുകളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. വിശ്വാസയോഗ്യമല്ലാത്ത വെബ്‌സൈറ്റുകളില്‍ വിവരങ്ങള്‍ നല്‍കരുത്. പാസ്‌വേഡുകള്‍ ഇടയ്ക്കിടയ്ക്ക് മാറ്റുകയും പല സ്ഥലങ്ങളില്‍ ഒരേ പാസ്‌വേഡുകള്‍ നല്‍കുന്നത് ഒഴിവാക്കുകയും വേണമെന്നും അധികൃതര്‍ അറിയിച്ചു. തട്ടിപ്പ് ശ്രദ്ധയില്‍പെട്ടാല്‍ ആഭ്യന്തര മന്ത്രാലയത്തിലെ 25660142 എന്ന നമ്പറില്‍ അറിയിക്കണം.