പന്തിന് വീണ്ടും എട്ട് റണ്‍സരികെ സെഞ്ചുറി നഷ്ടം

single-img
14 October 2018

വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന് എട്ട് റണ്‍സകലെ സെഞ്ചുറി നഷ്ടം. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന പന്തിനെ(92) ഗബ്രിയേല്‍ പുറത്താക്കി. പന്തിനെ കൂടാതെ രഹാനെയ്ക്കും സെഞ്ചുറി(80) നഷ്ടമായി.

മൂന്ന് പേരെ പുറത്താക്കി മൂന്നാം ദിനത്തിന്റെ ആദ്യ സെഷനില്‍ വിന്‍ഡീസ് പിടിമുറുക്കുകയാണ്. നാലു വിക്കറ്റിന് 308 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി തുടങ്ങിയ ഇന്ത്യ ആദ്യ ഓവറില്‍ തന്നെ ലീഡ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ അപ്രതീക്ഷിത ബൗണ്‍സറില്‍ രഹാനെയും(80) ഒരു പന്തിന്റെ ഇടവേളയില്‍ എല്‍ബിയില്‍ ജഡേജയെയും(0) പുറത്താക്കി ഹോള്‍ഡര്‍ വിന്‍ഡീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

അഞ്ചാം വിക്കറ്റില്‍ രഹാനെ പന്ത് സഖ്യം 152 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വൈകാതെ സെഞ്ചുറിക്കരികെ പന്തും പുറത്തായതോടെ ഇന്ത്യ തിരിച്ചടി നേരിടുകയാണ്. നേരത്തെ കെ എല്‍ രാഹുല്‍(4), പൃഥ്വി ഷാ(70), ചേതേശ്വര്‍ പൂജാര(10), വിരാട് കോലി(45) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്.

ഓപ്പണിംഗ് വിക്കറ്റില്‍ രാഹുല്‍പൃഥ്വി ഷാ സഖ്യം 61 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും നാലു റണ്‍സ് മാത്രമായിരുന്നു രാഹുലിന്റെ സംഭാവന. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഷാ 53 പന്തില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറും പറത്തിയാണ് 70 റണ്‍സെടുത്തത്. 25 പന്ത് നേരിട്ട രാഹുല്‍ നാലു റണ്‍സ് മാത്രമെടുത്ത് പുറത്തായപ്പോള്‍ 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയെ വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. 10 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാര ഗബ്രിയേലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഗബ്രിയേല്‍ രണ്ടാം വാറിക്കാന്‍ ഒരുവിക്കറ്റും നേടി.