കരീബിയന്‍ പടയെ എറിഞ്ഞ് വീഴ്ത്തി; ഇന്ത്യക്ക് അനായാസ വിജയം

single-img
14 October 2018

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് അനായാസ ജയം. രണ്ടാം ഇന്നിങ്‌സില്‍ 127 റണ്‍സിന് തകര്‍ന്നടിഞ്ഞ വിന്‍ഡീസ് ഉയര്‍ത്തിയ 72 റണ്‍സ് വിജയലക്ഷ്യം, വെറും 97 പന്തുകളില്‍ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യ പിന്നിട്ടു. 33 റണ്‍സെടുത്ത് പൃഥ്വി ഷായും 33 റണ്ണോടെ ലോകേഷ് രാഹുലുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 72 റണ്‍സ് പിന്‍തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച ഇന്ത്യ 16.1 ഓവറില്‍ ലക്ഷ്യം കാണുകയായിരുന്നു

56 റണ്‍സ് ലീഡ് വഴങ്ങി രണ്ടാമിന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 127 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. ഉമേഷ് യാദവ് നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റ് വീഴ്ത്തി. ഒന്നാമിന്നിങ്‌സില്‍ ആറു വിക്കറ്റ് നേടിയ ഉമേഷിന്റെ അക്കൗണ്ടില്‍ ഇതോടെ പത്ത് വിക്കറ്റായി.

നേരത്തെ, 56 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി ബാറ്റിങ് ആരംഭിച്ച വിന്‍ഡീസിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. അക്കൗണ്ട് തുറക്കും മുന്‍പേ ബ്രാത്‌വയ്റ്റിനെ വിക്കറ്റ് കീപ്പര്‍ പന്തിന്റെ കൈകളിലെത്തിച്ച് ഉമേഷ് യാദവാണ് തകര്‍ച്ചയ്ക്കു തുടക്കമിട്ടത്. സ്‌കോര്‍ ബോര്‍ഡില്‍ ആറു റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണിങ്ങിലെ രണ്ടാമനായ കീറന്‍ പവലും മടങ്ങി. ഇക്കുറി വിക്കറ്റ് അശ്വിന്

മൂന്നാം വിക്കറ്റില്‍ ഷായ് ഹോപ്പ്–ഹെറ്റ്മയര്‍ സഖ്യം പിടിച്ചുനില്‍ക്കുന്നതിന്റെ സൂചന നല്‍കിയെങ്കിലും സ്‌കോര്‍ 45ല്‍ നില്‍ക്കെ ഇരുവരും പുറത്തായി. 29 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 17 റണ്‍സെടുത്ത ഹെറ്റ്മയറിനെ കുല്‍ദീപ് യാദവ് പൂജാരയുടെ കൈകളിലെത്തിച്ചപ്പോള്‍, 42 പന്തില്‍ നാലു ബൗണ്ടറി സഹിതം 28 റണ്‍സെടുത്ത ഹോപ്പിനെ ജഡേജ രഹാനെയുടെ കൈകളിലെത്തിച്ചു.

സ്‌കോര്‍ 68ല്‍ എത്തിയപ്പോള്‍ രണ്ടു റണ്‍സിനിടെ രണ്ടു വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവ് വിന്‍ഡീസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ റോസ്റ്റണ്‍ ചേസ് (ആറ്), ഷെയ്ന്‍ ഡൗറിച്ച് (പൂജ്യം) എന്നിവരെ ഉമേഷ് ക്ലീന്‍ ബോള്‍ഡാക്കി. ഏഴാം വിക്കറ്റില്‍ അംബ്രിസിനൊപ്പം മല്‍സരത്തിലെ ഇതുവരെയുള്ള ഏറ്റവും മികച്ച കൂട്ടുകെട്ടു തീര്‍ത്ത ഹോള്‍ഡര്‍ വിന്‍ഡീസിനെ 100 കടത്തി. അധികം വൈകാതെ പുറത്താകുകയും ചെയ്തു.

30 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 19 റണ്‍സെടുത്ത ഹോള്‍ഡറിനെ ജഡേജ പന്തിന്റെ കയ്യിലെത്തിച്ചു. പിന്നാലെ സുനില്‍ ആംബ്രിസിനെയും പുറത്താക്കിയ ജഡേജ വിന്‍ഡീസിന്റെ തകര്‍ച്ച ആഴമുള്ളതാക്കി. 95 പന്തില്‍ നാലു ബൗണ്ടറി സഹിതം 38 റണ്‍സുമായി ആംബ്രിസ് എല്‍ബിയില്‍ കുരുങ്ങുകയായിരുന്നു. ജോമല്‍ വാരികനെ (ഏഴ്) അശ്വിനും ഷാനന്‍ ഗബ്രിയേലിനെ (ഒന്ന്) ഉമേഷ് യാദവും പുറത്താക്കിയതോടെ വിന്‍ഡീസ് സ്‌കോര്‍ 127ല്‍ ഒതുങ്ങി.

നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 367 റണ്‍സില്‍ അവസാനിച്ചിരുന്നു. തുടര്‍ച്ചയായ മൂന്നാം ഇന്നിങ്‌സിലും അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറാണ് മൂന്നാം ദിനം ഇന്ത്യയെ അപ്രതീക്ഷിത തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. ഇന്നലെ സെഞ്ചുറിക്കരികിലായിരുന്ന ഋഷഭ് പന്ത്, അജിങ്ക്യ രഹാനെ എന്നിവര്‍ സെഞ്ചുറി പൂര്‍ത്തിയാക്കും മുന്‍പ് പുറത്തായത് മൂന്നാം ദിനം ഇന്ത്യയ്ക്ക് നിരാശയായി. പന്ത് 92 റണ്‍സെടുത്തും രഹാനെ 80 റണ്‍സെടുത്തും മടങ്ങി.

നാലു വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് 31 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് അഞ്ചു വിക്കറ്റ് നഷ്ടമായത്. അവസാന വിക്കറ്റില്‍ അശ്വിന്‍–ഷാര്‍ദുല്‍ താക്കൂര്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 28 റണ്‍സാണ് ഇന്ത്യയുടെ ലീഡ് 50 കടത്തിയത്. അശ്വിന്‍ 35 റണ്‍സെടുത്ത് പത്താമനായാണ് പുറത്തായത്. പന്ത്, രഹാനെ എന്നിവരെക്കൂടാതെ രവീന്ദ്ര ജഡേജ (പൂജ്യം), കുല്‍ദീപ് യാദവ് (ആറ്), ഉമേഷ് യാദവ് (രണ്ട്), രവിചന്ദ്രന്‍ അശ്വിന്‍ (35) എന്നിവരാണ് ഇന്നു പുറത്തായത്. പരുക്കുമൂലം ബോള്‍ ചെയ്യാതിരുന്ന ഷാര്‍ദുല്‍ താക്കൂര്‍, ബാറ്റിങ്ങിനിറങ്ങി നാലു റണ്‍സുമായി പുറത്താകാതെ നിന്നു.

ഇന്നു മാത്രം മൂന്നു വിക്കറ്റ് വീഴ്ത്തിയാണ് വിന്‍ഡീസ് ക്യാപ്റ്റന്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചത്. ഷാനന്‍ ഗബ്രിയേല്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. തുടര്‍ച്ചയായ മൂന്നാം ഇന്നിങ്‌സിലാണ് ഹോള്‍ഡര്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ വിന്‍ഡീസ് ബോളറാണ് ഹോള്‍ഡര്‍. മൈക്കല്‍ ഹോള്‍ഡിങ്, മാല്‍ക്കം മാര്‍ഷല്‍ (രണ്ടു വട്ടം) എന്നിവരാണ് മുന്‍ഗാമികള്‍. വിന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 311 റണ്‍സിന് പുറത്തായിരുന്നു. ആറു വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവിന്റെ മികവിലാണ് ഇന്ത്യ വിന്‍ഡീസിനെ 311ല്‍ ഒതുക്കിയത്.