ദുബായ് പൊലീസിന്റെ സാഹസിക നീക്കം: 140 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാറില്‍ നിന്നും ഡ്രൈവറെ രക്ഷിച്ചു: വീഡിയോ

single-img
14 October 2018

വെള്ളിയാഴ്ച വൈകിട്ട് എമിറാത്തിയായ ഡ്രൈവര്‍ എമിറേറ്റ്‌സ് റോഡിലൂടെ ഷാര്‍ജയില്‍ നിന്നും വരുമ്പോഴാണ് കാറിന്റെ നിയന്ത്രണം നഷ്ടമായത്. 140 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു നിയന്ത്രണം നഷ്ടമായത് ഡ്രൈവര്‍ തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ ദുബായി പോലീസിനെ ബന്ധപ്പെട്ടു.

ഡ്രൈവറുമായി കമാന്‍ഡ് സെന്ററില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥര്‍ സംസാരിക്കുകയും ശാന്തനാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതേസമയം, കണ്‍ട്രോള്‍ സെന്റര്‍ രണ്ട് പട്രോള്‍ സംഘത്തെ നിയോഗിക്കുകയും റോഡില്‍ നിന്നും മറ്റു വാഹനങ്ങളെ മാറ്റാനും നിര്‍ദേശിച്ചു.

വാഹനം നിര്‍ത്താന്‍ ഡ്രൈവറെ സഹായിക്കുന്നതിനായി പൊലീസ് നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും ഇതൊന്നും നടപ്പായില്ല. ഡ്രൈവര്‍ ഏറെ പരിഭ്രാന്തനായിരുന്നു. റോഡില്‍ സ്ഥാപിച്ചിട്ടുള്ള വേഗ നിയന്ത്രണ ബാരിക്കേഡിലോ മറ്റേതെങ്കിലും വാഹനത്തിലോ ഇടിച്ച് വേഗത കുറയ്ക്കട്ടേ എന്ന് ഡ്രൈവര്‍ ചോദിച്ചു.

എന്നാല്‍, പൊലീസ് ഇതിനെ ശക്തമായി എതിര്‍ക്കുകയും ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഡ്രൈവറെ ആശ്വസിപ്പിക്കാന്‍ പൊലീസ് സംഘം പരമാവധി ശ്രമിച്ചു. വാഹനവും ഡ്രൈവറും അപകടത്തില്‍ നിന്നും പൂര്‍ണമായും രക്ഷപ്പെട്ടതിനു ശേഷമേ പൊലീസ് സംഘം പിന്‍മാറൂ എന്ന് അവര്‍ ഉറപ്പു നല്‍കി.

ഡ്രൈവറുടെ മുന്നില്‍ പോകുന്ന പൊലീസ് വാഹനം ശ്രദ്ധിക്കണമെന്നു കണ്‍ട്രോള്‍ റൂമില്‍ നിന്നും ഡ്രൈവര്‍ക്ക് കര്‍ശനമായ നിര്‍ദേശം ലഭിച്ചു. അപകടം ഒഴിവാക്കി പൊലീസ് വാഹനം കാറിന് വഴിയൊരുക്കുകയായിരുന്നു. നിരവധി തവണ ഡ്രൈവര്‍ വാഹനം നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ ഏറെ സമയത്തിനുശേഷം വാഹനം റോഡിനു സൈഡില്‍ നിര്‍ത്താന്‍ സാധിച്ചു. പൊലീസ് വാഹനം എത്തി ഡ്രൈവര്‍ക്ക് പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്തുവെന്ന് പൊലീസ് സീനിയര്‍ ഡയറക്ടര്‍ കേണല്‍ ഫൈസല്‍ ഐസ അല്‍ ഖാസിം പറഞ്ഞു.