യുഎഇയില്‍ ഇന്‍സ്റ്റഗ്രാമിലൂടെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചു; യുവാവിന് മൂന്ന് ലക്ഷം ദിര്‍ഹം പിഴ ശിക്ഷ

single-img
12 October 2018

ഇന്‍സ്റ്റഗ്രാമിലൂടെ അപകീര്‍ത്തികരമായ വീഡിയോ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച കുറ്റത്തിന് യുഎഇ കോടതി മൂന്ന് ലക്ഷം ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു. സ്വദേശി പൗരനാണ് യുഎഇയിലെ നടിയെ ആക്ഷേപിച്ചുകൊണ്ട് വീഡിയോ നിര്‍മ്മിച്ചത്. ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് രണ്ട് മാസത്തേക്ക് ഉപയോഗിക്കുന്നത് തടയാനും കോടതി ഉത്തരവിട്ടു.

അറബ് സമൂഹത്തില്‍ നിരവധി ഫോളോവര്‍മാരുള്ള യുവാവിനാണ് ശിക്ഷ നേരിടേണ്ടിവന്നത്. സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള അനുമതി ലഭിച്ചപ്പോള്‍ അതില്‍ സന്തോഷം പ്രകടിപ്പിച്ച യുഎഇയിലെ നടിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്.

ഇങ്ങനെ നിര്‍മ്മിച്ച വീഡിയോകള്‍ ഇയാള്‍ ഇന്‍സ്റ്റഗ്രാമിലും സ്‌നാപ്ചാറ്റിലും പോസ്റ്റ് ചെയ്തു. തുടര്‍ന്ന് നടിയാണ് കോടതിയെ സമീപിച്ചത്. നടി ചില സൗദി വനിതകള്‍ക്കൊപ്പം വാഹനത്തില്‍ സഞ്ചരിക്കുന്ന വീഡിയോയിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഇതിനോടൊപ്പം അസഭ്യം നിറഞ്ഞ കമന്റുകള്‍ കൂട്ടിച്ചേര്‍ത്താണ് ഇയാള്‍ പ്രചരിപ്പിച്ചത്.