ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്; 24 മണിക്കൂറിനുളളില്‍ ‘ലുബാന്‍’ കൂടുതല്‍ മാരകമാവും

single-img
8 October 2018

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി. ലുബാന്‍ ചുഴലിക്കാറ്റ് ഒമാന്‍, യമന്‍ തീരങ്ങളെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. 24 മണിക്കൂറിനുളളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ മാരകമാവുമെന്നാണ് പ്രവചനം. അഞ്ചാം തീയതിയോടെ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് പുലര്‍ച്ചെയോടെയാണ് ചുഴലിക്കാറ്റായി മാറിയത്.

മണിക്കൂറില്‍ 65 മുതല്‍ 85 കിലോമീറ്റര്‍ വരെയാണ് നിലവില്‍ കാറ്റിന്റെ വേഗം. അടുത്ത 24 മണിക്കൂറിനകം നൂറു കിലോമീറ്റര്‍ വേഗം കൈവരിച്ച് തീവ്രചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. ഒമാനിലെ സലാലക്ക് ആയിരത്തിയമ്പത് കിലോമീറ്റര്‍ അകലെയാണ് നിലവില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നത്.

തെക്കന്‍ ഒമാന്‍, യമന്‍ തീരങ്ങളിലേക്കടുക്കാനാണ് സാധ്യത കൂടുതല്‍. 12ാം തീയതി വരെ ചുഴലിക്കാറ്റിന്റെ പ്രഭാവം നിലനില്‍ക്കും. മിനിക്കോയ് ദ്വീപുകള്‍ക്ക് 1260 കിലോമീറ്റര്‍ അകലെയാണ് കാറ്റെന്നതിനാല്‍ കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയില്ല. എങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയുണ്ടാകും.