പൃഥ്വി ഷായെ സെവാഗിനോടു താരതമ്യപ്പെടുത്തുന്നത് ശരിയല്ല: തുറന്നടിച്ച് ഗാംഗുലി

single-img
5 October 2018

അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയ പൃഥ്വി ഷായെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനോടു താരതമ്യം ചെയ്യുന്നതിനെ വിമര്‍ശിച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. സെവാഗ് സമ്പൂര്‍ണ പ്രതിഭയായിരുന്നെന്നും ഷായെ ഇപ്പോള്‍ സെവാഗിനോടു താരതമ്യപ്പെടുത്തുന്നത് ശരിയല്ലെന്നും ഗാഗുലി പറഞ്ഞു.

ഷായെ ഒരു തരത്തിലും സെവാഗുമായി താരതമ്യം ചെയ്യരുത്. സെവാഗ് സമ്പൂര്‍ണ പ്രതിഭയായിരുന്നു. അദ്ദേഹം (ഷാ) മറ്റു രാജ്യങ്ങളിലും കളിക്കട്ടെ. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലൊക്കെ ഷായ്ക്ക് റണ്‍സ് നേടാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.

എന്നാലും സെവാഗിനോട് ഷായെ താരതമ്യം ചെയ്യരുതെന്ന് ഗാംഗുലി പറഞ്ഞു. അണ്ടര്‍ 19 ലോകകപ്പ് കളിക്കുന്നതും ടെസ്റ്റ് മത്സരം കളിക്കുന്നതും തമ്മില്‍ ഏറെ വ്യത്യാസമുണ്ടെന്നും ഷാ ഏറെക്കാലം ഇന്ത്യന്‍ ടീമിലുണ്ടാകുമെന്നാണു താന്‍ കരുതുന്നതെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

അതിനിടെ പൃഥ്വി ഷായെ അഭിനന്ദിച്ച് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും രംഗത്തെത്തി. ആദ്യ ഇന്നിങ്‌സില്‍ തന്നെ ആക്രമിച്ച് കളിക്കുന്നത് കാണാന്‍ സാധിക്കുന്നത് സന്തോഷകരമാണെന്നും ഇതുപോലെ ഭയമില്ലാതെ ബാറ്റ് ചെയ്യണമെന്നും സച്ചിന്‍ ട്വീറ്ററില്‍ കുറിച്ചു.

ഇതിന് പിന്നാലെ വിരേന്ദര്‍ സെവാഗും താരത്തിന് അഭിനന്ദനവുമായി രംഗത്തെത്തി. ‘ഷാ ഷോ’ എന്നാണ് വീരു പൃഥ്വിയുടെ പ്രകടനത്തെ വിശേഷിപ്പിച്ചത്. ഇതൊരു തുടക്കം മാത്രമാണെന്നും ചെക്കന്‍ കൊള്ളാമെന്നും സെവാഗ് പറയുന്നു. പിന്നാലെ മറ്റ് മുന്‍ താരങ്ങളും ഷായെ അഭിനന്ദിച്ച് രംഗത്തെത്തി. ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ, ഹര്‍ഭജന്‍ സിങ്, മുന്‍ താരം മുഹമ്മദ് കെയ്ഫ് തുടങ്ങിയവരും പൃഥ്വിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.