അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറിയടിച്ച് പതിനെട്ടുകാരന്‍ പൃഥ്വിഷാ വീണ്ടും റെക്കോര്‍ഡ് ബുക്കില്‍

single-img
4 October 2018

വെസ്റ്റ്ഇന്‍ഡീസിനെതിരായ രാജ്‌കോട്ട് ടെസ്റ്റില്‍ ഏവരും ഉറ്റുനോക്കിയത് പൃഥ്വിഷാ എന്ന പതിനെട്ടുകാരന്റെ ബാറ്റിലേക്കായിരുന്നു. ആരാധകരെ നിരാശപ്പെടുത്തിയില്ല മുംബൈയില്‍ നിന്നുള്ള ഈ പതിനെട്ടുകാരന്‍. ഏകദിന ശൈലിയില്‍ ബാറ്റുവീശി സെഞ്ച്വറിയും സ്വന്തമാക്കി.

99 പന്തില്‍ നിന്നായിരുന്നു പൃഥ്വിഷായുടെ സെഞ്ച്വറി. 15 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു പൃഥ്വിഷായുടെ ഇന്നിങ്‌സ്. ഇതോടെ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരമെന്ന റെക്കോഡും അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോഡും ഷാ സ്വന്തം പേരിലാക്കി.

അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന 13ാമത്തെ ഇന്ത്യന്‍ താരമാണ് ഷാ. ഷായ്‌ക്കൊപ്പം 19–ാം ടെസ്റ്റ് അര്‍ധസെഞ്ചുറിയുമായി ക്രീസിലുള്ള ചേതേശ്വര്‍ പൂജാരയുടെയും മിന്നും പ്രകടനത്തിന്റെ കരുത്തില്‍ 32.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.

ഷാ 101 റണ്‍സോടെയും പൂജാര 67 റണ്‍സോടെയും ക്രീസില്‍. പിരിയാത്ത രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 171 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം.

ആദ്യ ഓവറില്‍ത്തന്നെ ലോകേഷ് രാഹുലിനെ പുറത്താക്കി ഷാനന്‍ ഗബ്രിയേല്‍ വിന്‍ഡീസിന് ഉജ്വല തുടക്കമാണ് സമ്മാനിച്ചത്. നാലു പന്തുകള്‍ മാത്രം നീണ്ട ഇന്നിങ്‌സിനൊടുവില്‍ റണ്ണൊന്നുമെടുക്കാനാകാതെ ഗബ്രിയേലിന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങിയാണ് രാഹുല്‍ മടങ്ങിയത്. ഇതിനിടെ അംപയറുടെ തീരുമാനം റിവ്യൂ ചെയ്ത് അവസരം നഷ്ടമാക്കുകയും ചെയ്തു.