Latest News, Sports

ഏഷ്യാകപ്പില്‍ ഹോങ്കോങ്ങിനെതിരെ ഇന്ത്യക്ക് നിറം മങ്ങിയ ജയം; ആരാധകര്‍ കാത്തിരുന്ന ഇന്ത്യ പാകിസ്ഥാന്‍ മത്സരം ഇന്ന്

ഏഷ്യാകപ്പില്‍ ലോക ക്രിക്കറ്റിലെ വമ്പന്‍മാരെ ഞെട്ടിച്ച് കീഴടങ്ങി ഹോങ് കോങ്. ഇന്ത്യ മുന്നോട്ടുവെച്ച 286 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ഹോങ് കോങ് 259 ന് ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു. അരങ്ങേറ്റക്കാരനായ ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മത്സരത്തില്‍ 26 റണ്ണിനായിരുന്നു ഇന്ത്യയുടെ ജയം.

ഒരു വേള അട്ടിമറി പ്രതീക്ഷ നല്‍കിയ ഹോങ് കോങിന്റെ ഓപ്പണിങ് കൂട്ടുക്കെട്ട് 174 ല്‍ തകര്‍ന്നതോടെയാണ് ഇന്ത്യക്ക് ശ്വാസം തിരികെ കിട്ടിയത്. ഹോങ് കോങ് സ്‌കോര്‍ 174 ല്‍ നില്‍ക്കെ 73 റണ്‍ നേടിയ ഓപ്പണര്‍ അന്‍ഷുമാന്‍ റാത്തിനെ ശര്‍മ്മയുടെ കൈയിലെത്തിച്ച് കുല്‍ദീപ് യാദവാണ് മടക്കിയത്.

ഒരു റണ്‍ കൂട്ടിചേര്‍ക്കുമ്പോഴേക്കും മറ്റൊരു ഓപ്പണറായ നിസാകത് ഖാനും വീണു. 92 റണ്ണെടുത്ത നിസാകത് ഖാനെ അന്താരാഷ്ട്ര കരിയറിലെ ആദ്യ വിക്കറ്റ് നേട്ടം സ്വന്തമാക്കി ഖലീല്‍ അഹമ്മദാണ് വീഴ്ത്തിയത്. പിന്നീടു വന്ന ഹോങ് കോങ് ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും കാര്യമായ ചെറുത്തിനില്‍പിനായില്ല.

റണ്ണുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനൊപ്പം വിക്കറ്റും വീണുക്കൊണ്ടിരുന്നു. ഖലീല്‍ അഹമ്മദിനെ കൂടാതെ ചഹല്‍ മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റുകള്‍ നേടി. ആദ്യ മത്സരത്തില്‍ പാകിസ്താനോടും പരാജയപ്പെട്ട ഹോങ് കോങ് ഇതോടെ ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്തായി.

നേരത്തെ ധവാന്റെ സെഞ്ചുറി മികവില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സടിക്കുകയായിരുന്നു. അവസാന പത്ത് ഓവറില്‍ ഇന്ത്യക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഹോങ് കോങ് ബൗളര്‍മാര്‍ ഇന്ത്യയെ പിടിച്ചുകെട്ടി. ആ പത്ത് ഓവറിനിടയില്‍ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ ഇന്ത്യ ആകെ നേടിയത് 45 റണ്‍സാണ്.

120 പന്തില്‍ 15 ഫോറും രണ്ട് സിക്‌സുമടക്കം 127 റണ്‍സ് നേടി ധവാന്‍ പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 40.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സായിരുന്നു. ആ ഘട്ടത്തില്‍ ദുര്‍ബ്ബലരായ ഹോങ് കോങ്ങിനെതിരെ ഇന്ത്യ 300 റണ്‍സ് കടക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചതാണ്. എന്നാല്‍ അവസാന ഓവറുകളില്‍ ഹോങ് കോങ് ബൗളര്‍മാര്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ പിടിച്ചുകെട്ടി.

മൂന്ന് പന്ത് നേരിട്ട ധോനി അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായി. തൊട്ടുപിന്നാലെ 33 റണ്‍സുമായി ദിനേശ് കാര്‍ത്തിക്കും പുറത്തായി. ഒമ്പത് റണ്‍സായിരുന്നു ഭുവനേശ്വര്‍ കുമാറിന്റെ സമ്പാദ്യം. ശ്രദ്ധുല്‍ ഠാക്കൂറിനെ അയ്ജാസ് ഖാന് പൂജ്യത്തിന് പുറത്താക്കി. 28 റണ്‍സുമായി കേദര്‍ ജാദവും റണ്ണൊന്നുമെടുക്കാതെ കുല്‍ദീപ് യാദവും പുറത്താകാതെ നിന്നു. ഹോങ് കോങ്ങിനായി കിന്‍ചിത് ശര്‍മ്മ മൂന്നും എഹ്‌സാന്‍ ഖാന്‍ രണ്ടും വിക്കറ്റെടുത്തു.

അതേസമയം ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും. വൈകീട്ട് അഞ്ചിന് ദുബൈ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നലത്തെ മത്സരത്തില്‍ നിന്ന് മാറ്റങ്ങളുമായാകും ഇന്ത്യ ഇറങ്ങുക. ജസ്പ്രീത് ബുംറയും ലോകേഷ് രാഹുലും ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തിയേക്കും.

രണ്ടു ടീമുകളും അവസാനമായി കണ്ടുമുട്ടിയത് 2017 ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ലണ്ടനിലെ ഓവല്‍ മൈതാനത്തു വച്ചാണ്. ഇന്ത്യ മറക്കാനാഗ്രഹിക്കുന്ന മല്‍സരമാണ് അത്. പാക്ക് യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ ഫഖര്‍ സമാന്റെ സെഞ്ചുറിയില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ നേടിയ 338 റണ്‍സിനെ പിന്തുടര്‍ന്ന ഇന്ത്യ മുഹമ്മദ് ആമിറിന്റെയും ഹസന്‍ അലിയുടെയും പേസിലും ഷദബ് ഖാന്റെ സ്പിന്നിലും തകര്‍ന്നു പോയി. 30.3 ഓവറില്‍ 158നു പുറത്ത്. ഇന്ത്യന്‍ തോല്‍വി 180 റണ്‍സിന്.

ഇന്ത്യയ്ക്കു മറക്കാനുള്ളത് ആ തോല്‍വി മാത്രമല്ല. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിലേറ്റ പരാജയം കൂടിയാണ്. കണക്കുകളില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനും മുന്‍തൂക്കമുണ്ട്. ഇരു ടീമുകളും പരസ്പരം ആകെ 196 മല്‍സരങ്ങള്‍ കളിച്ചതില്‍ പാക്കിസ്ഥാന്‍ 86 മല്‍സരങ്ങള്‍ ജയിച്ചു. ഇന്ത്യ 67 കളികളും. എന്നാല്‍ ഏഷ്യ കപ്പില്‍ ഇന്ത്യ പൊടിക്കു മുന്നില്‍ നില്‍ക്കുന്നു.12 കളികളില്‍ ഇന്ത്യ ആറെണ്ണം ജയിച്ചപ്പോള്‍ പാക്കിസ്ഥാന്‍ അഞ്ച്. ഒരു കളി ഫലമില്ലാതെ പോയി.