സൗദി അറേബ്യയില്‍ നിന്ന് മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു: പല ഭാഗങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ പൂട്ടി

single-img
16 September 2018

സൗദി അറേബ്യയില്‍ വ്യാപാരമേഖലയിലെ സ്വദേശിവത്കരണം ശക്തമായതോടെ കൂടുതല്‍ മലയാളികള്‍ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു. സ്വദേശിവത്കരണം ശക്തമായതോടെ സൗദിയിലെ പല ഭാഗങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുതുടങ്ങി. തൊഴില്‍മന്ത്രാലയം പരിശോധനകള്‍ ശക്തിപ്പെടുത്തിയതോടെയാണിത്.

വാഹനവിപണി, വസ്ത്രം, ഓഫീസ് ഫര്‍ണിച്ചര്‍, ഗാര്‍ഹിക ഉപകരണങ്ങള്‍ എന്നീ മേഖലകളില്‍ സെപ്റ്റംബര്‍ 11 മുതല്‍ സമഗ്രനിതാഖാത് നടപ്പാക്കിയതോടെ 70 ശതമാനം വിദേശികള്‍ക്കാണ് ജോലി നഷ്ടമാകുന്നത്. നിയമം നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ അറിയിപ്പ് വന്നതോടെയാണ് സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തുടങ്ങിയത്.

ഇവ ഉടനെ തുറക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ മലയാളികളടക്കമുള്ള തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുകയാണ്. 12.30 ലക്ഷം വിദേശികളാണ് സൗദിയിലെ വ്യാപാരമേഖലയില്‍ ജോലിചെയ്യുന്നത്. വസ്ത്രമേഖലയിലാണ് ആദ്യഘട്ടത്തില്‍ കര്‍ശനമായ പരിശോധനകള്‍ നടക്കുന്നത്.

പ്രധാന കച്ചവടം നടക്കുന്ന യൂണിഫോം മേഖലയില്‍ ആയിരക്കണക്കിന് മലയാളികള്‍ ജോലിചെയ്യുന്നുണ്ട്. ഇവരോട് നാട്ടിലേക്ക് മടങ്ങാന്‍ സ്‌പോണ്‍സര്‍മാര്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. മക്ക, മദീന എന്നിവിടങ്ങളിലൊഴിച്ച് ബാക്കിയെല്ലാ ഭാഗങ്ങളിലും പരിശോധനകള്‍ നടക്കുന്നുണ്ട്.

സൗദിയില്‍നിന്ന് തൊഴില്‍ നഷ്ടമായി മലയാളികള്‍ മടങ്ങുന്നുണ്ടെങ്കിലും ഇവരുടെ എണ്ണം ഇപ്പോള്‍ അറിയാന്‍ സാധിക്കില്ലെന്നാണ് നോര്‍ക്ക പറയുന്നത്. ഓണം, ബക്രീദ് അവധിക്കായി നാട്ടിലെത്തിയ പ്രവാസികള്‍ മടങ്ങുന്ന സമയമാണിത്. അവര്‍ തിരിച്ചുചെന്നാലേ തൊഴില്‍ പ്രശ്‌നം സംബന്ധിച്ച കൃത്യമായ ചിത്രം തെളിയൂ. തൊഴില്‍ നഷ്ടമായി മടങ്ങേണ്ടി വരുന്നവര്‍ക്ക് പുനരധിവാസ പദ്ധതികള്‍ നോര്‍ക്ക തയ്യാറാക്കുന്നുണ്ട്.