ടീം ഇന്ത്യയെ എഴുതിത്തള്ളരുതെന്ന് നായകന്‍ വിരാട് കോഹ്‌ലി

single-img
12 September 2018

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ദയനീയ പരാജയം കൊണ്ട് മാത്രം ടീം ഇന്ത്യയെ എഴുതിത്തള്ളരുതെന്ന് നായകന്‍ വിരാട് കോഹ്‌ലി. ഇംഗ്ലണ്ട് തങ്ങളെക്കാള്‍ മികച്ച കളിയാണ് പുറത്തെടുത്തതെന്നും അവരുടെ പ്രകടനം പ്രശംസനീയമായിരുന്നുവെന്നും കോഹ്‌ലി പറഞ്ഞു.

വിമര്‍ശനങ്ങള്‍ അംഗീകരിക്കുന്നുവെന്നും അടുത്ത പരമ്പരയില്‍ ശക്തമായി തിരിച്ചുവരുമെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി. അവസാന ടെസ്റ്റില്‍ ടീം ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ച ഋഷഭ് പന്തിന്റെയും, കെ.എല്‍. രാഹുലിന്റെയും ബാറ്റിംഗ് പ്രകടനത്തെ പ്രശംസിക്കാനും കോഹ്‌ലി മറന്നില്ല. ഇവരിരുവരെയും പോലെയുള്ള താരങ്ങളില്‍ ടീം ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഓവല്‍ ടെസ്റ്റില്‍ 118 റണ്‍സിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ഇതോടെ പരമ്പര 41 ന് ഇംഗ്ലണ്ട് സ്വന്തമാക്കി. ഇംഗ്ലീഷ് താരം അലെസ്റ്റര്‍ കുക്കിനെ ജയത്തോടെ തന്നെ ഇംഗ്ലണ്ട് താരങ്ങള്‍ യാത്രയാക്കി. ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ അവിശ്വസനീയമായി തിരിച്ചുവന്ന ഇന്ത്യയ്ക്ക് അവസാന സെഷനിലാണ് തിരിച്ചടി നേരിട്ടത്. സെഞ്ചുറി നേടിയ ലോകേഷ് രാഹുലും (149) ഋഷഭ് പന്തും (114) പുറത്തായതോടെ ഇന്ത്യയുടെ പിടി അയഞ്ഞു.

പിന്നാലെ ജഡേജയേയും ഇഷാന്തിനേയും സാം കറന്‍ പുറത്താക്കി. ഷമിയുടെ കുറ്റി ആന്‍ഡേഴ്‌സന്‍ തെറിപ്പിച്ചതോടെ ഇന്ത്യയുടെ ഇന്നിങ്‌സിന് തിരശീല വീണു. നേരത്തെ നാലാം വിക്കറ്റില്‍ 118 റണ്‍സ് ചേര്‍ത്ത രാഹുല്‍രഹാനെ സഖ്യവും ആറാം വിക്കറ്റില്‍ 204 റണ്‍സു ചേര്‍ത്ത രാഹുല്‍പന്ത് സഖ്യവും ഇന്ത്യയ്ക്ക് സമനില പ്രതീക്ഷയെങ്കിലും നല്‍കിയിരുന്നു.

എന്നാല്‍ രാഹുലിനെയും പന്തിനെയും പുറത്താക്കിയ ആദില്‍ റഷീദ് ഇന്ത്യന്‍ പ്രതീക്ഷകളെ അസ്ഥാനത്താക്കി. പിന്നെയെല്ലാം ചടങ്ങ് തീര്‍ക്കല്‍ മാത്രമായി. ആദ്യ ഇന്നിങ്‌സിലെ പ്രകടനം ജഡേജയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ തുടരാനായില്ല. 117 പന്തില്‍ നിന്നാണ് ഋഷഭ് പന്ത് തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി കുറിച്ചത്.

ഇംഗ്ലീഷ് മണ്ണില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡും പന്ത് സ്വന്തമാക്കി. 20 മാസത്തിനു ശേഷം രാഹുല്‍ ടെസ്റ്റില്‍ നേടുന്ന സെഞ്ചുറിയായിരുന്നു ഓവലിലേത്. 2016ല്‍ ഇംഗ്ലണ്ടിനെതിരെ തന്നെയായിരുന്നു രാഹുലിന്റെ അവസാന ടെസ്റ്റ് സെഞ്ചുറി. സുനില്‍ ഗവാസ്‌ക്കര്‍ക്കു ശേഷം ഇംഗ്ലീഷ് മണ്ണില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ഇന്ത്യന്‍ ഓപ്പണറാകാനും രാഹുലിനായി.

നാലാം ദിനം രണ്ടു റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ ലോകേഷ് രാഹുലും രഹാനെയും ചേര്‍ന്നാണ് കരകയറ്റിയത്. മൂന്നിന് 58 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ചത്. 464 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് വെറും രണ്ടു റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍ ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, നായകന്‍ വിരാട് കോലി എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു.

ഷമിയുടെ വിക്കറ്റെടുത്തതിനു പിന്നാലെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഫാസ്റ്റ് ബൗളര്‍ എന്ന റെക്കോഡും ആന്‍ഡേഴ്‌സന്‍ സ്വന്തമാക്കി. 143 ടെസ്റ്റുകളില്‍നിന്ന് 564 വിക്കറ്റുകളാണ് ആന്‍ഡേഴ്‌സന്റെ സമ്ബാദ്യം. ഓസിസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ (563) റെക്കോഡാണ് ആന്‍ഡേഴ്‌സന്‍ മറികടന്നത്. മുത്തയ്യ മുരളീധരന്‍ (800), ഷെയ്ന്‍ വോണ്‍ (708), അനില്‍ കുംബ്ലെ (619) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.

നേരത്തെ, ഈ പരമ്പരയിലാകെ 14 ക്യാച്ച് സ്വന്തമാക്കിയ രാഹുല്‍ ഒരു പരമ്പരയില്‍ കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. സാക്ഷാല്‍ രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡാണ് രാഹുല്‍ മറികടന്നത്.