അംപയറെ കള്ളനെന്ന് വിളിച്ച സെറീനയ്ക്ക് 17000 ഡോളര്‍ പിഴ

single-img
10 September 2018

യു.എസ് ഓപ്പണ്‍ ഫൈനലിനിടെ ചെയര്‍ അംപയറോട് മോശമായി പെരുമാറിയ ടെന്നീസ് താരം സെറീന വില്ല്യംസിന് ഒടുവില്‍ പിഴ. ഏകദേശം 12 ലക്ഷം രൂപയാണ് അമേരിക്കന്‍ താരത്തിന് പിഴയായി വിധിച്ചത്. മൂന്ന് കുറ്റങ്ങളാണ് സെറീനക്കെതിരെ ചുമത്തിയിരിക്കുന്നത്.

അംപയര്‍ കാര്‍ലോസ് റാമോസിനെ അസഭ്യം പറഞ്ഞതിന് ഏഴ് ലക്ഷം രൂപയും മത്സരത്തിനിടെ കോച്ചിങ് സ്വീകരിച്ചതിന് മൂന്ന് ലക്ഷം രൂപയും റാക്കറ്റ് എറിഞ്ഞുടച്ചതിന് രണ്ട് ലക്ഷം രൂപയും പിഴയൊടുക്കണം. ഫൈനലില്‍ സെറീനയെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ച്‌ ജപ്പാന്‍ താരം നവോമി ഒസാക്ക കിരീടം ചൂടിയിരുന്നു.

ഫൈനലിനിടെ കോര്‍ട്ടില്‍ നാടകീയരംഗങ്ങളായിരുന്നു അരങ്ങേറിയത്. ഫൈനലിനിടെ സെറീനക്ക് പരിശീലകന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്ന് കാണിച്ച് ചെയര്‍ അംപയര്‍ കാര്‍ലോസ് റാമോസ് മുന്നറിയിപ്പ് നല്‍കിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.

രണ്ടാം സെറ്റില്‍ തിരിച്ചുവരാന്‍ സെറീന ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്. അംപയറുടെ ഇടപെടലിനെതിരെ സെറീന ശക്തമായി പ്രതിഷേധിച്ചു. കള്ളത്തരം കാണിക്കുന്നതിനേക്കാള്‍ നല്ലത് തോല്‍ക്കാനാണ് തനിക്കിഷ്ടമെന്നു വരെ സെറീന പറഞ്ഞു.

രണ്ടാം സെറ്റില്‍ 3-1ന് മുന്നിട്ട് നിന്നിരുന്ന സെറീന അസ്വസ്ഥയായി. തുടര്‍ച്ചയായി പിഴവുകള്‍ വരുത്തിയതോടെ ദേശ്യപ്പെട്ട് റാക്കറ്റ് വലിച്ചെറിഞ്ഞു. ഇതോടെ രണ്ടാം മുന്നറിയിപ്പ് നല്‍കിയ അംപയര്‍ ഒരു പോയിന്റെ കുറക്കുകയും ചെയ്തു.

ഇതോടെ കൂടുതല്‍ സെറീന കൂടുതല്‍ ദേഷ്യപ്പെട്ട് നിങ്ങള്‍ കള്ളനാണെന്നും മാപ്പുപറയണമെന്നും അംപയറോട് പറഞ്ഞു. പെനല്‍റ്റി പോയിന്റുകളില്‍ ഗെയിം നഷ്ടമായ സെറീന 5-3ന് പുറകിലാവുകയും ഒസാകയുടെ വിജയം ഒരു പോയിന്റ് മാത്രം ദൂരെയാവുകയും ചെയ്തു.