യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ദ്യോക്കോവിച്ചിന്

single-img
10 September 2018

യുഎസ് ഓപ്പണ്‍ ടെന്നീസ് കിരീടം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിന്. ഫൈനലില്‍ അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയെ 6-3, 7-6 (7/4), 6-3 നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. ദ്യോക്കോവിച്ചിന്റെ പതിനാലാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്.

ചെറിയ ഒരിടവേളക്ക് ശേഷം ദ്യോക്കോവിച്ചിന്റെ തിരിച്ചുവരവാണ് കോര്‍ട്ടില്‍ കാണാനായത്. മുന്‍ ചാംപ്യന്‍കൂടിയായ ഡെല്‍പോട്രോയ്‌ക്കെതിരെ ആദ്യ സെറ്റ് നേടിയത് അനായാസമായി. സ്‌കോര്‍ 6-3. എന്നാല്‍ രണ്ടാം സെറ്റില്‍ ജോകോക്ക് വെല്ലുവിളിയുമായി ഡെല്‍പോട്രോ കളം നിറഞ്ഞെങ്കിലും ടൈബ്രേക്കിനൊടുവില്‍ ദ്യോക്കോ 7-6ന് സെറ്റ് നേടി.

മൂന്നാം സെറ്റില്‍ ഡെല്‍പോട്രോ കൂടുതല്‍ ക്ഷീണിതനായതോടെ നിരവധി പിഴവുകള്‍ വരുത്തി. എന്നാല്‍ ഊര്‍ജസ്വലതയോടെ റാക്കറ്റേന്തിയ ദ്യോക്കോ യുഎസ് ഓപ്പണില്‍ തന്റെ മൂന്നാം കിരീടം സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ വിംബിള്‍ഡണിലും ചാമ്പ്യനായ ദ്യോക്കോവിച്ചിന്റെ പതിനാലാം ഗ്രാന്‍സ്ലാം കിരീടനേട്ടമാണിത്.

2009-ലെ യു.എസ് ഓപ്പണു ശേഷം ഡെല്‍ പോട്രോ ആദ്യമായാണ് ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്നത്. 2014 യു.എസ് ഓപ്പണ്‍ റണ്ണറപ്പായ ജാപ്പനീസ് താരം കെയ് നിഷികോരിയെ തോല്‍പ്പിച്ചാണ് നൊവാക് ദ്യോക്കോവിച്ച് ഫൈനലില്‍ എത്തിയത്.