കേരളത്തിന് കൈത്താങ്ങാവാന്‍ മസ്‌കറ്റില്‍ ഒരു കേരള കാര്‍ ഓടുന്നു

single-img
7 September 2018

പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് കൈത്താങ്ങാവാന്‍ വ്യത്യസ്തമായി പ്രവര്‍ത്തിക്കുകയാണ് ഈ പ്രവാസി മലയാളി. ആലപ്പുഴ ജില്ലയിലെ പുന്നപ്ര സ്വദേശിയായ ഹബീബ് ആണ് തന്റെ കാറില്‍ വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങള്‍ വിളിച്ചോതുന്ന സ്റ്റിക്കറൊട്ടിച്ച് യാത്ര ചെയ്യുന്നത്.

മത്സ്യത്തൊഴിലാളികളെ അഭിനന്ദിക്കുന്ന തരത്തിലുള്ള സ്റ്റിക്കറുകളും ഇതിലുണ്ട്. ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുളള ആഹ്വാനവും. മത്സ്യത്തൊഴിലാളികളെ ഹീറോകള്‍ എന്നാണ് ഹബീബ് വിശേഷിപ്പിക്കുന്നത്.

ഒമാനില്‍ താമസിക്കുന്ന ഹബീബ് തനിക്ക് സാധിക്കുന്ന വിധത്തില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന ആളാണ്. തന്റെ നാടിന്റെ അതിജീവനത്തിന് തനിക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നു എന്നാണ് ഹബീബിന്റെ വാക്കുകള്‍. കടലുകള്‍ക്കപ്പുറത്തിരുന്ന് കേരളത്തിന്റെ ദുരിതം കണ്ട മലയാളികളെല്ലാവരും ഈ കാറിന് ചുറ്റും ഓടിക്കൂടി. സംഭവം അറിഞ്ഞപ്പോള്‍ സഹായിക്കാന്‍ തയ്യാറായി.

പതിനാല് ദിവസത്തെ പ്രയജ്ഞത്തിനൊടുവിലാണ് ഇത്തരത്തില്‍ യാത്ര ചെയ്യാനുള്ള അനുമതി ഒമാനിലെ അധികൃതരില്‍ നിന്ന് നേടിയെടുത്തത്. വാഹനം തടഞ്ഞ ട്രാഫിക് പൊലീസുകാര്‍ വരെ കേരളത്തിന്റെ ദുരിതം ചോദിച്ചറിഞ്ഞ് സഹായിക്കാന്‍ തയ്യാറായി എന്ന് ഹബീബ് പറയുന്നു. അവരില്‍ വളരെ നല്ല സഹകരണമാണ് ലഭിച്ചത്. ജോലി സംബന്ധമായി നടത്തുന്ന യാത്രകളെല്ലാം ഇനി ഈ കാറിലായിരിക്കുമെന്നും ഹബീബ് പറഞ്ഞു.