‘ഓരോരുത്തര്‍ക്കും ഓരോ നിയമം’; തുറന്നടിച്ച് ഹര്‍ഭജന്‍ സിങ്

single-img
6 September 2018

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് യുവതാരം മയാങ്ക് അഗര്‍വാളിനെ ഒഴിവാക്കിയ നടപടിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഇവിടെ ഓരോരുത്തര്‍ക്കും ഓരോ നിയമമാണെന്ന് ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു. ടീം ലിസ്റ്റ് അടക്കം ട്വീറ്റ് ചെയ്ത ഹര്‍ഭജന്‍, എവിടെ മയാങ്ക് അഗര്‍വാള്‍ എന്ന് ചോദിച്ചു.

ആഭ്യന്തര ക്രിക്കറ്റില്‍ ഇത്രയും റണ്‍സടിച്ചുകൂട്ടിയ താരത്തെ ഈ ടീമില്‍ കാണാനില്ല. ഇവിടെ ഓരോരുത്തര്‍ക്കും ഓരോ നിയമമാണെന്ന് ഞാന്‍ കരുതുന്നു എന്നായിരുന്നു ഭാജിയുടെ ട്വീറ്റ്. ഇന്ത്യയുടെ ടീം സെലക്ഷനില്‍ വിവേചനമുണ്ടെന്ന് പണ്ട് മുതലെയുള്ള ആരോപണമാണ്.

എന്നാല്‍ ഒരു മുന്‍കളിക്കാരന്‍ തന്നെ ഇത്തരത്തില്‍ വിവേചനമുണ്ടെന്ന് പരസ്യമായി പ്രതികരിക്കുന്നത് ഇതാദ്യമാണ്. അതേസമയം ക്യാപ്റ്റന്‍ വിരാട് കോലിക്ക് വിശ്രമം അനുവദിച്ച സെലക്ടര്‍മാര്‍ രോഹിത് ശര്‍മയെ ആണ് ഏഷ്യാ കപ്പില്‍ നായകനായി നിയോഗിച്ചിരിക്കുന്നത്.

16 അംഗ ടീമിനെയാണ് സെലക്ടര്‍മാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. രണ്ടര മാസത്തെ ഇംഗ്ലണ്ട് പര്യടനത്തിനുശേഷം നാലു ദിവസത്തെ ഇടവേള മാത്രമാണ് ഏഷ്യാ കപ്പിനുള്ളത്. രാജസ്ഥാന്റെ ഇടം കൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദാണ് ടീമിലെ പുതുമുഖം.

അതേസമയം, മയാങ്ക് അഗര്‍വാളിന്റെ സമയം വരുമെന്നായിരുന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചത്. വൈകാതെ അദ്ദേഹം ഇന്ത്യന്‍ ടീമിലെത്തുമെന്നുതന്നെയാണ് തന്റെ പ്രതീക്ഷയെന്നും പ്രസാദ് വ്യക്തമാക്കിയിരുന്നു.