കേരളത്തെ സഹായിക്കാന്‍ ദുബായ് പൊലീസിന്റെ മലയാളം വീഡിയോ

single-img
29 August 2018

കേരളത്തെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ദുബായ് പൊലീസ് പുറത്തിറക്കിയ വീഡിയോ തരംഗമാകുന്നു. യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് റാഷിദ് അല്‍ മക്തും കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് പിന്തുണ അറിയിച്ചു കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ട്വീറ്റ് ചെയ്തതിന്റെ ചുവടുപിടിച്ചാണ് ദുബായ് പൊലീസും തങ്ങളുടെ പിന്തുണ അറിയിക്കാന്‍ വീഡിയോ പുറത്തിറക്കിയത്.

ഈ വീഡിയോയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത് മലയാളിയായ പൊലീസുകാരന്‍ അബ്ദുല്‍ അസീസാണ്. ദുബായ് പൊലീസില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി ജോലി ചെയ്യുകയാണ് കോഴിക്കോട് കല്ലാച്ചി സ്വദേശിയായ അബ്ദുല്‍ അസീസ്. കേരളത്തിലെ പ്രളയത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അത്യാവശ്യമായി നാട്ടില്‍ വന്ന അസീസ് വയനാട്ടിലെ ദുരിതാശ്വാസ ക്യാംപുകളില്‍ ആഹാരവും മറ്റും എത്തിക്കാന്‍ സജീവമായി രംഗത്തുണ്ടായിരുന്നു.

അത് കഴിഞ്ഞു ബലി പെരുന്നാള്‍ തലേന്നാണ് ഇദ്ദേഹം ദുബായില്‍ തിരിച്ചെത്തിയത്. നാട്ടില്‍ നിന്ന് എത്തിയ അസീസിനെ മലയാളത്തില്‍ സംസാരിക്കാന്‍ വകുപ്പ് ക്ഷണിക്കുകയായിരുന്നു. ഇതോടെ ‘ദുബായ് പൊലീസ് നിങ്ങളോടൊപ്പമുണ്ട്’ എന്ന സന്ദേശത്തിലുള്ള വീഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

1981ല്‍ യുഎഇയില്‍ എത്തിയ അസീസിന്റെ ജീവിതം മാറ്റി മറിച്ചത് ദുബായ് എമിഗ്രേഷനിലെ ജോലിയായിരുന്നു. അവിടുത്തെ ലോക്കല്‍ പാസ്‌പോര്‍ട്ട് വിഭാഗം മേധാവി ആദീഖ് അഹ്മദ് അല്‍ മറിയുമായുള്ള ബന്ധമാണ് ദുബായ് പൊലീസില്‍ എത്തിച്ചത്. വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്ത അസീസ് ഇപ്പോള്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കമ്യൂണിറ്റി ഹാപ്പിനസ് ആന്‍ഡ് സപ്ലൈസ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.

Kerala is in our heart, we are fully confident of its peoples’ will and determination. Their strong spirit shall overcome this ordeal soon.

Posted by Dubai Police – Official Page on Tuesday, August 21, 2018