പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ യുഎഇ സ്ഥാനപതി എത്തുന്നു

single-img
27 August 2018

തിരുവനന്തപുരം: യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന കേരളത്തിലെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചേക്കും. യാത്രയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ഈ ആഴ്ച തന്നെ സന്ദര്‍ശനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകളുമായി അദ്ദേഹം ചര്‍ച്ച നടത്തിയേക്കും.

കേരളത്തിന് യുഎഇ 700 കോടി രൂപ സഹായധനം നല്‍കുമെന്നും ഇല്ലെന്നുമുള്ള ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കിടെയാണു സ്ഥാനപതിയുടെ സന്ദര്‍ശന വിവരം പുറത്തുവരുന്നത്. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ 700 കോടി രൂപയുടെ സഹായ വാഗ്ദാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

പിന്നാലെ സ്വന്തമായി പുനരധിവാസം നടത്താന്‍ ശേഷിയുണ്ടെന്നും സഹായമനസ്‌കതയ്ക്കു നന്ദിയുണ്ടെന്നും അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. സഹായധനത്തെച്ചൊല്ലി കേരളം നുണ പറയുകയാണെന്നും പ്രചാരണമുണ്ടായി. ഇതിനു പിന്നാലെ, സഹായധനത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന നിലപാടുമായി സ്ഥാനപതി ബന്ന തന്നെ രംഗത്തുവന്നു.