ഡോണ്‍ ബ്രാഡ്മാനെയും റിക്കി പോണ്ടിംഗിനെയും മറികടന്നു: കോഹ്‌ലി വീണ്ടും നമ്പര്‍ വണ്‍

single-img
23 August 2018

ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ വിരാട് കോഹ്‌ലി വീണ്ടും ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ പ്രകടനമാണ് ഇന്ത്യന്‍ നായകനെ വീണ്ടും ഒന്നാമതെത്തിച്ചത്. കോഹ്‌ലിയ്ക്ക് 937 പോയിന്റാണുള്ളത്. ഇന്ത്യന്‍ നായകന്റെ കരിയര്‍ ബെസ്റ്റാണിത്.

നേരത്തെ ആദ്യ ടെസ്റ്റിലെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ കോഹ്‌ലി റാങ്കിംഗില്‍ ഒന്നാമതെത്തിയിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റിലെ മോശം പ്രകടനം താരത്തെ രണ്ടാം സ്ഥാനത്തേക്ക് മാറ്റി. മൂന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ 97 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 103 റണ്‍സുമായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം.

അതിനിടെ മറ്റൊരു റെക്കോഡും കോഹ്‌ലി കുറിച്ചു. ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ 200 ന് മുകളില്‍ റണ്‍സ് നേടുകയും ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്ത നായകനെന്ന റെക്കോഡാണ് കോഹ്‌ലി സ്വന്തമാക്കിയത്. നായകനെന്ന നിലയില്‍ ഏഴ് തവണ വിരാട് കോഹ്‌ലി രണ്ടിന്നിംഗ്‌സിലുമായി 200 റണ്‍സ് മറികടക്കുകയും ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.

ഓസീസ് ബാറ്റിംഗ് ഇതിഹാസങ്ങളും നായകരുമായ ബ്രാഡ്മാനും പോണ്ടിംഗും ആറ് തവണയാണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. 200 ന് മുകളില്‍ നേടി ടീമിനെ വിജയത്തിലെത്തിച്ച ഇന്ത്യന്‍ നായകരില്‍ കോഹ്‌ലിയെക്കൂടാതെ ധോണി മാത്രമാണുള്ളത്. ക്യാപ്റ്റനെന്ന നിലയില്‍ 200 റണ്‍സ് ഇത് പത്താം തവണയാണ് കോഹ്‌ലി മറികടക്കുന്നത്. ഇതും റെക്കോഡാണ്.