മാധ്യമങ്ങളെ തിരുത്തി ഹാര്‍ദിക് പാണ്ഡ്യ

single-img
20 August 2018

ഹാര്‍ദിക് പാണ്ഡ്യയെ കപില്‍ ദേവിനോട് ഉപമിച്ച് മാധ്യമങ്ങള്‍. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് വിജയ സാധ്യതകള്‍ തുറക്കുന്ന പ്രകടനം കാഴ്ച്ചവച്ചതോടെയാണ് ഹാര്‍ദിക് പാണ്ഡ്യയെ കപില്‍ ദേവുമായി താരതമ്യം ചെയ്തത്. ആദ്യ ഇന്നിങ്ങ്‌സില്‍ 28 റണ്‍സ് വിട്ടു കൊടുത്ത് ഹാര്‍ദിക് അഞ്ച് വിക്കറ്റുകള്‍ നേടിയിരുന്നു.

എന്നാല്‍ ‘ഞാന്‍ കപില്‍ ദേവല്ല, ആവാന്‍ ശ്രമിക്കുന്നുമില്ല. കപില്‍ ദേവിനെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ എനിക്ക് ഞാന്‍ ആവാനാണ് ഇഷ്ട’മെന്ന് ഹാര്‍ദിക് പാണ്ഡ്യ മാധ്യമങ്ങളോട് പറഞ്ഞു. ഓള്‍റൗണ്ടറായാണ് ഹാര്‍ദിക് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയതെങ്കിലും അദ്ദേഹത്തിന്റെ ബൗളിങ്ങിനെ വിമര്‍ശിച്ച് പ്രശസ്ത നിരൂപകനായ മൈക്കിള്‍ ഹോള്‍ഡിങ് വരെ രംഗത്ത് വന്നിരുന്നു.

ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് തക്കതായ മറുപടി തന്നെയായിരുന്നു ഹാര്‍ദിക്കിന്റെ കഴിഞ്ഞ ദിവസത്തെ പ്രകടനം. ആദ്യ സ്‌പെല്ലില്‍ എട്ട് റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ എടുത്തപ്പോള്‍ കമന്ററി ബോക്‌സില്‍ ഉണ്ടായിരുന്ന ഹോള്‍ഡിങ് ഹാര്‍ദിക്കിനെ അഭിനന്ദിക്കാനും മറന്നില്ല.