ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ അജിത്ത് വഡേക്കര്‍ അന്തരിച്ചു

single-img
16 August 2018

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റ മുൻ ക്യാപ്റ്റനും പരിശീലകനുമായിരുന്ന അജിത് വഡേക്കർ അന്തരിച്ചു. 77 വയസ്സായിരുന്നു. അസുഖബാധിതനായി ദീർഘനാൾ ചികിത്സയിലായിരുന്നു. ബുധനാഴ്ച മുംബൈയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

അര്‍ജുന അവാര്‍ഡ്, പത്മശ്രീ, ക്രിക്കറ്റിലെ സമഗ്രസംഭാവനയ്ക്കുള്ള സി.കെ നായിഡു ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 1966-ല്‍ മുംബൈയില്‍ വിന്‍ഡീനെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു അരങ്ങേറ്റം.

37 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 14 അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയുമടക്കം 2113 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടു ഏകദിന മത്സരങ്ങള്‍ മാത്രമേ അദ്ദേഹം ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളൂ. നായകനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ഇന്ത്യന്‍ ക്രിക്കറ്റിന് മികച്ച സംഭാവനകള്‍ നല്‍കിയ താരമാണ് വഡേക്കര്‍.

ഏറ്റവും കൂടുതല്‍ കാലം ഇന്ത്യന്‍ പരിശീലകനായി സേവനമനുഷ്ഠിച്ച ഇന്ത്യക്കാരനും അജിത്ത് വഡേക്കറാണ്. 1991-1992, 1995-1996 കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു. 1996 ലോകകപ്പ് സെമിയില്‍ ശ്രീലങ്കയോടേറ്റ തോല്‍വിയോടെ പരിശീലകസ്ഥാനം ഒഴിഞ്ഞു. 1998-1999 ല്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള പ്രമുഖര്‍ അജിത്ത് വഡേക്കറുടെ നിര്യാണത്തില്‍ അനുശോചിച്ചു.