ഗര്‍ഭകാലത്തെ വിശേഷങ്ങളുമായി സാനിയ മിര്‍സ വീണ്ടും

single-img
14 August 2018

ഗര്‍ഭകാലത്തും ടെന്നിസ് കളത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ മടികാണിക്കുന്ന സാനിയയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായിരുന്നു. ഇപ്പോഴിതാ വീണ്ടും തന്‍റെ കുഞ്ഞിനെക്കുറിച്ചുള്ള ആകാംഷയും കാത്തിരിപ്പും പങ്കുവയ്ക്കുകയാണ് താരം.

പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കിന്‍റെ പ്രിയതമ കൂടിയായ സാനിയ ഇപ്പോള്‍ ഏഴുമാസം ഗര്‍ഭിണിയാണ്. ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ ഫോട്ടോഷൂട്ടിനിടെയാണ് ഗര്‍ഭകാല വിശേഷങ്ങള്‍ സാനിയ പങ്കുവച്ചത്.

ആദ്യ മൂന്നുമാസങ്ങളില്‍ ഏറെ ശ്രദ്ധിക്കണമെന്ന് പറയാറുണ്ട്. എന്നാല്‍ താന്‍ ഏറെ ഓടിയ സമയമായിരുന്നു അതെന്നും ഇപ്പോള്‍ അതോര്‍ത്ത് ആവലാതിപ്പെടാറുണ്ടെന്നും സാനിയ പറഞ്ഞു. പ്രതീക്ഷിച്ചതുപോലെ ഗര്‍ഭാരംഭകാലത്തെ ഛര്‍ദിയും ഉണ്ടായിരുന്നില്ലെന്ന് താരം പറയുന്നു.

കുഞ്ഞിനെ അച്ഛന്‍റെ കായിക ഇനമാണോ അമ്മയുടെ കായിക ഇനമാണോ പരിശീലിപ്പിക്കുക എന്ന ചോദ്യത്തിന് ഇത് രണ്ടുമല്ല , ഡോക്ടറാക്കാനാണ് തന്‍റെ ആഗ്രഹമെന്ന് സാനിയ ചിരിച്ചുകൊണ്ട് പറഞ്ഞു. കുട്ടിക്ക് ഇന്ത്യന്‍ പൌരത്വമാണോ പാകിസ്ഥാന്‍ പൌരത്വമാണോ നല്‍കുക എന്ന ചോദ്യത്തിന് ഇതു രണ്ടുമാകില്ല ചിലപ്പോള്‍ മൂന്നാമതൊരു രാജ്യത്തിന്‍റെ പൌരത്വമാകും നല്‍കുക എന്ന് സാനിയ തുറന്നടിച്ചു.

വിവാഹം കഴിച്ച സമയത്തുതന്നെ കരിയറില്‍ വിട്ടുവീഴ്ച്ച ചെയ്യില്ലെന്ന് ഇരുവരും തീരുമാനിച്ചിരുവെന്ന് സാനിയ പറയുന്നു. “ഷുഹൈബ് എന്നേക്കാള്‍ കുറച്ചു വയസ്സു മൂത്തതായിരുന്നതിനാല്‍ കൂടുതല്‍ മനസ്സിലാക്കിയിരുന്നു. ഗര്‍ഭം ധരിക്കണമെന്നും കുടുംബം വേണമെന്നുമൊക്കെ ഞാനും ആഗ്രഹിച്ചിരുന്നു, പക്ഷേ എന്നാണെന്നു മാത്രം അറിയുമായിരുന്നില്ല.’ -സാനിയ പറയുന്നു.

ആഴ്ച്ചയില്‍ നാലുതവണ യോഗ ചെയ്യുന്നതും മുടക്കാറില്ലെന്ന് സാനിയ പറയുന്നു. രണ്ടാം മാസം മുതല്‍ യോഗ ചെയ്യുന്നതു തുടരുന്നുണ്ട്. ഈ സമയത്ത് വ്യായാമം ചെയ്യാമോ എന്ന് തന്‍റെ അമ്മ ഭയപ്പെട്ടിരുന്നുവെന്നും താരം പറയുന്നു. ഇപ്പോഴും ദിവസവും നാലോ അഞ്ചോ കിലോമീറ്റര്‍ നടക്കാറുണ്ട്.

ആണ്‍കുട്ടിയെ ആണോ അതോ പെണ്‍കുട്ടിയെ ആണോ ആഗ്രഹിക്കുന്നതെന്നു ചോദിച്ചാല്‍ അക്കാര്യത്തെക്കുറിച്ച് തങ്ങളിരുവരും ആലോചിക്കാറില്ലെന്നും എങ്കിലും ഷുഹൈബിന് എപ്പോഴും പെണ്‍കുഞ്ഞ് വേണമെന്നാണ് ആഗ്രഹമെന്നും സാനിയ പറയുന്നു.