പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത: ഇന്ത്യയിലേക്കുള്ള യാത്രാനിരക്കില്‍ വമ്പന്‍ ഇളവുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

single-img
12 August 2018

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. എമിറേറ്റ്‌സ് സര്‍വീസ് നടത്തുന്ന 70 രാജ്യാന്തര കേന്ദ്രങ്ങളിലേക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു. എയര്‍ ഇന്ത്യ അടക്കമുള്ള മറ്റു വിമാനങ്ങളില്‍ നിരക്ക് കുത്തനെ ഉയര്‍ന്നിരിക്കുമ്പോളാണ് എമിറേറ്റ്‌സിന്റെ വമ്പന്‍ ആനുകൂല്യം.

തിരുവന്തപുരം, കൊച്ചി ഉള്‍പ്പടെയുള്ള സെക്ടറുകളിലേക്ക് ഇക്കണോമി ക്ലാസ്സില്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റാണ് ലഭ്യമാകുക. ഇന്നു മുതല്‍ ഈ മാസം 20 വരെയാണ് ബുക്കിങ്ങ് സൗകര്യം. സെപ്റ്റംബര്‍ ഒന്നിനും 2019 മാര്‍ച്ച് 31നും ഇടയ്ക്കുള്ള യാത്രകള്‍ പ്രത്യേക നിരക്കില്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.

ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് 895 ദിര്‍ഹമാണ് ഇക്കണോമി ക്ലാസിലെ ഒരു ടിക്കറ്റിന്റെ നിരക്ക്. തിരുവനന്തപുരത്തേക്ക് ഏതാണ്ട് 1006 ദിര്‍ഹവും. ഡല്‍ഹി–1045 ദിര്‍ഹം, മുംബൈ 995 ദിര്‍ഹം, ബാങ്കോക്ക്–2345 ദിര്‍ഹം, ടൊറന്റോ–4887 ദിര്‍ഹം, കുവൈത്ത്–755 ദിര്‍ഹം, ബെയ്‌റൂട്ട്–945 ദിര്‍ഹം, ലൊസാഞ്ചലസ്–4835 ദിര്‍ഹം (എല്ലാം ഇക്കണോമി ക്ലാസ്) എന്നിങ്ങനെയാണ് നിരക്കുകള്‍.

ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ 300 ദിര്‍ഹവും ബിസിനസ് ക്ലാസില്‍ പോകുന്നവര്‍ 500 ദിര്‍ഹവും അധികം മുടക്കിയാല്‍ എമിറേറ്റ്‌സിന്റെ പഞ്ചനക്ഷത്ര സൗകര്യങ്ങളും ആസ്വദിക്കാം. കൂടുതല്‍ വിവരങ്ങള്‍ എമിറേറ്റ്‌സ് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.