പ്രവാസി ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്ത

single-img
10 August 2018

പ്രവാസി ഇന്ത്യക്കാര്‍ക്ക് രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ പകരക്കാരെ ഉപയോഗിച്ച് വോട്ടുചെയ്യാന്‍(പ്രോക്‌സി വോട്ട്) അനുവദിക്കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. നേരത്തെ ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അന്തിമരൂപം നല്‍കിയിരുന്നു.

എന്നാല്‍, പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചിരുന്നില്ല. ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കേ, പ്രവാസി സമൂഹത്തെ തൃപ്തിപ്പെടുത്തുക കൂടിയാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതിവരുത്തി പ്രവാസികള്‍ക്ക് വോട്ട് അനുവദിക്കുന്ന ബില്‍ കഴിഞ്ഞ ഡിസംബറിലാണ് സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

ബജറ്റ് സമ്മേളനം സമ്പൂര്‍ണമായി മുടങ്ങിയതിനാല്‍ കഴിഞ്ഞ സമ്മേളനത്തില്‍ ബില്‍ പരിഗണിക്കാന്‍ കഴിഞ്ഞില്ല. വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസിക്ക് തെരഞ്ഞെടുപ്പുസമയത്ത് നാട്ടിലുണ്ടെങ്കില്‍ വോട്ടു ചെയ്യാം എന്നാണ് നിലവിലെ വ്യവസ്ഥ.

തെരഞ്ഞെടുപ്പിനു മാത്രമായി നാട്ടിലെത്തുക പ്രയാസമാണെന്നിരിക്കെ, പ്രവാസിയുടെ വോട്ട് പാഴാകുന്നതാണ് നിലവിലെ സ്ഥിതി. അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുവ മലയാളി വ്യവസായി ഡോ.ഷംസീര്‍ വയലില്‍ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള പ്രവാസിവോട്ട് ആവശ്യം പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.

നാട്ടിലില്ലാത്ത സൈനികര്‍ക്ക് മുക്ത്യാര്‍ വോട്ടിന് സൗകര്യമുണ്ട്. ഈ സൗകര്യം പ്രവാസി വോട്ടര്‍മാര്‍ക്കും ലഭ്യമാക്കുകയാണ് ചെയ്യുന്നത്. ജനപ്രാതിനിധ്യ നിയമഭേദഗതി രാജ്യസഭ കൂടി പാസാക്കിയശേഷം സര്‍ക്കാര്‍ ചട്ടങ്ങള്‍ രൂപപ്പെടുത്തും. പ്രവാസി ഇന്ത്യക്കാര്‍ പകരം വോട്ടുചെയ്യുന്നതിന്റെ നടപടിക്രമങ്ങളും രീതികളും ചട്ടം രൂപപ്പെടുത്തുമ്പോഴാണ് തയാറാക്കുക. ഇവോട്ട് അനുവദിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിച്ചേക്കും.