കോഹ്ലിക്കും അനുഷ്‌കയ്ക്കും ഇത് മധുരപ്രതികാരം

single-img
3 August 2018

ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഒറ്റയാള്‍ പോരാട്ടത്തിലൂടെ സെഞ്ച്വറി നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ തേടി റെക്കോര്‍ഡുകള്‍. ടെസ്റ്റില്‍ നായകനായി ഏറ്റവും വേഗത്തില്‍ ഏഴായിരം റണ്‍സ് ക്ലബിലെത്തുന്ന താരം എന്ന റെക്കോര്‍ഡാണ് കോഹ്ലിയെ തേടിയെത്തിയത്.

തന്റെ 113ാം ഇന്നിംഗ്‌സിലാണ് കോഹ്ലി ഏഴായിരം ക്ലബിലെത്തിയത്. ഇംഗ്ലണ്ടിനെതിരെ തന്റെ ആദ്യ സെഞ്ച്വറിയാണ് കോഹ്ലി കഴിഞ്ഞ ദിവസം തികച്ചത്. ടെസ്റ്റ് കരിയറിലെ 22ാമത്തെ സെഞ്ച്വറിയായിരുന്നു അത്. ഇതിലൂടെ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്നിരിക്കുകയാണ് കോഹ്ലി.

ഏറ്റവും കുറവ് ഇന്നിംഗ്‌സില്‍ നിന്ന് 22 സെഞ്ച്വറി നേടുകയെന്ന റെക്കോര്‍ഡില്‍ നാലാം സ്ഥാനത്താണ് കോഹ്ലി എത്തിയത്. 113 ഇന്നിംഗ്‌സുകള്‍ കളിച്ചാണ് കോഹ്ലി തന്റെ 22ാം സെഞ്ച്വറി കുറിച്ചത്. 114 ഇന്നിംഗ്‌സുകളില്‍ നിന്ന് 22 സെഞ്ചുറി നേടിയ സച്ചിന്‍ ഇതോടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി.

ഡോണ്‍ ബ്രാഡ്മാന്‍ (58 ഇന്നിംഗ്‌സുകള്‍), സുനില്‍ ഗവാസ്‌കര്‍ (101), സ്റ്റീവ് സ്മിത്ത് (108) എന്നിവരാണ് ഈ റെക്കോര്‍ഡില്‍ കോഹ്ലിയുടെ മുന്നിലുള്ള മറ്റ് താരങ്ങള്‍. മത്സരത്തില്‍ 149 റണ്‍സാണ് കോഹ്ലി നേടിയത്. ബെന്‍ സ്റ്റോക്‌സ് എറിഞ്ഞ പന്ത് അതിര്‍ത്തി കടത്തിയാണ് കോഹ്ലി സെഞ്ചുറി കുറിച്ചത്.

2014ല്‍ ഇംഗ്ലീഷ് പര്യടനത്തിനെത്തിയ കോഹ്ലിക്കു തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പത്ത് ടെസ്റ്റ് ഇന്നിംഗ്‌സുകളിലെ 288 പന്തുകളില്‍നിന്ന് 134 റണ്‍സ് മാത്രമായിരുന്നു കോഹ്ലിയുടെ സംഭാവന. എന്നാല്‍ ഇക്കുറി ആദ്യ ഇന്നിംഗ്‌സില്‍നിന്നുതന്നെ 149 റണ്‍സ് കുറിക്കാന്‍ കോഹ്ലിക്കു കഴിഞ്ഞു.

2014ല്‍ കോഹ്ലി മോശം പ്രകടനം കാഴ്ചവച്ചപ്പോള്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയ അനുഷ്‌ക ശര്‍മ ഇന്ന് ഭാര്യയായി ഗാലറിയില്‍ എത്തിയിരുന്നു എന്നതും ശ്രദ്ധേയമായി. വിവാഹമോതിരത്തില്‍ ചുംബിച്ചാണ് കോഹ്ലി ഇംഗ്ലണ്ടിലെ തന്റെ ആദ്യ സെഞ്ചുറി നേട്ടം ആഘോഷമാക്കിയതും.