സൗദിയില്‍ പ്രവാസികളെ ആശങ്കയിലാക്കി സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കുന്നു

single-img
29 July 2018

സൗദിയില്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികളെ ആശങ്കയിലാക്കി സ്വദേശി വല്‍ക്കരണം വ്യാപിപ്പിക്കുന്നു. മൂന്നു പ്രധാന പ്രവിശ്യകളിലെ മാളുകളില്‍ കൂടി പദ്ധതി ഉടന്‍ നടപ്പാക്കും. ഇതോടെ പ്രവാസികള്‍ക്ക് വന്‍ തോതില്‍ തൊഴില്‍ നഷ്ടപ്പെടും. മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ തുടങ്ങിയ പ്രാധാന പ്രവിശ്യകളിലെ ഷോപ്പിംഗ് മാളുകളിലാണ് പുതിയതായി സമ്പൂര്‍ണ സ്വദേശി വത്കരണം നടപ്പിലാക്കാന്‍ പോകുന്നതെന്ന് തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള പ്രവിശ്യാ സ്വദേശിവത്കരണ വിഭാഗം മേധാവി സഅദ് അല്‍ ഗാംന്തി അറിയിച്ചു.

ശുചീകരണജോലി ഒഴികെയുള്ള എല്ലാ തസ്തികകളിലും ഇനി സ്വദേശികള്‍ മാത്രമാകും. ഇതു സംബന്ധിച്ച തയാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നു. നേരത്തേ ഒന്‍പതു മേഖലകളില്‍ നടത്തിയ സൗദിവല്‍ക്കരണത്തിന്റെ വിജയത്തെ തുടര്‍ന്നാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. അതതു പ്രവിശ്യാ ഗവര്‍ണറേറ്റുകളിലെ സൗദിവല്‍ക്കരണ സമിതിയാണ് നടപടികള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബറില്‍ അല്‍ഖസീം പ്രവിശ്യയിലെ മാളുകളില്‍ 100% സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചായിരുന്നു തുടക്കം. ഇതിനു മുന്നോടിയായി മനുഷ്യവിഭവശേഷി വികസന ഫണ്ടിന്റെ സഹായത്തോടെ സ്വദേശികള്‍ക്കു പരിശീലനവും വായ്പകളും നല്‍കിയിരുന്നു. സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതോടെ തൊഴില്‍ നഷ്ടപ്പെടുന്ന വിദേശികള്‍ക്ക് ഇനി തിരിച്ചുപോകേണ്ടി വരും.

സെയില്‍സ്മാന്‍, ഷോപ്പ് ഇന്‍ചാര്‍ജ്, അക്കൗണ്ടന്റ്, മാനേജര്‍ തുടങ്ങി മാളുകളിലെ വിവിധ തസ്തികകളില്‍ മലയാളികളടക്കം ഒട്ടേറെ വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഇതരമേഖലകളില്‍ സ്വദേശിവല്‍ക്കരണ പട്ടികയില്‍ ഇല്ലാത്ത ഏതെങ്കിലും തസ്തികയിലേക്കു മാറണമെങ്കിലും കടമ്പകളേറെയാണ്.