വംശീയ അധിക്ഷേപം സഹിക്കാന്‍ വയ്യ- ജര്‍മ്മന്‍ മിഡ് ഫീല്‍ഡര്‍ മെസ്യൂട്ട്

single-img
24 July 2018

രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ജര്‍മ്മന്‍ മിഡ് ഫീല്‍ഡര്‍ മെസ്യൂട്ട് ഓസില്‍ തന്‍റെ തീരുമാനത്തിനിടയാക്കിയ കാരണം വിശദീകരിക്കുന്നു.

കടുത്ത വംശീയ അധിക്ഷേപവും അവഹേളനയും താന്‍ ഒത്തിരി സഹിച്ചെന്നും ഇനി ജര്‍മ്മനിക്കായി ബൂട്ടണിയാന്‍ താല്‍പ്പര്യമില്ലെന്നും സാമൂഹ്യ മാധ്യമങ്ങളിലെ അക്കൌണ്ട് വഴി മെസ്യൂട്ട് അറിയിച്ചു. ജയിച്ചാല്‍ താന്‍ ജര്‍മ്മന്‍കാരനും തോറ്റാല്‍ കുടിയേറ്റക്കാരനുമാണ് എന്ന മനോഭാവമാണ് എല്ലാവര്‍ക്കുമെന്നും മെസ്യൂട്ട് പറഞ്ഞു.

റഷ്യന്‍ ലോകകപ്പിന് മുന്പ് തുര്‍ക്കി പ്രസിഡന്‍റുമായി നിന്ന് മെസ്യൂട്ട് ഫോട്ടോയെടുത്തത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. ഈ ചിത്രത്തിന്‍റെ തനിക്കും കുടുംബത്തിനും ഏറെ അപവാദങ്ങള്‍ സഹിക്കേണ്ടി വന്നുവെന്ന് മെസ്യൂട്ട് പറഞ്ഞു.

‘വെറുപ്പുളവാക്കുന്ന മെയിലുകള്‍, ഭീഷണിപ്പെടുത്തുന്ന ഫോണ്‍സന്ദേശങ്ങള്‍ , സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അവഹേളനം എന്നിവ സഹിക്കേണ്ടി വന്നു. ലോകകപ്പില്‍ നിന്ന് പുറത്തായപ്പോഴും എന്നെ മാത്രമാണ് കുറ്റപ്പെടുത്തിയത്.’ – മെസ്യൂട്ട് പറഞ്ഞു.

‘എനിക്ക് രണ്ട് ഹൃദയമുണ്ട്. ഞാന്‍ വളര്‍ന്നത് ജര്‍മ്മനിയിലാണ്. എന്‍റെ കുടുംബത്തിന് തുര്‍ക്കിയില്‍ വേരുകളുണ്ട്. ഞാനൊരു പ്രൊഫഷണല്‍ ഫുട്ബോള്‍ കളിക്കാരനാണ്. അതിനപ്പുറം ഒന്നുമില്ല. കളിക്കളത്തിലെ പ്രകടനം മോശമായാല്‍ കുറ്റപ്പെടുത്തുന്നത് മനസിലാകും. എന്നാല്‍ വംശീയമായി അധിക്ഷേപിക്കുന്നത് സഹിക്കില്ല’. -മെസ്യൂട്ട് തുറന്നു പറഞ്ഞു.