ആമസോണ്‍ വനത്തിലെ ഏകാകിയായ ഗോത്ര മനുഷ്യന്റെ ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)
ബ്രസീലിലെ ആമസോണ്‍ വനാന്തരങ്ങളില്‍ താമസിക്കുന്ന ഏകാകിയായ മനുഷ്യന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ബ്രസീലിലെ ഇന്ത്യന്‍ ഫൗണ്ടേഷനാണ് ഇയാളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ 22 വര്‍ഷങ്ങളായി പുറം ലോകവുമായി ബന്ധമില്ലാതെ ഇയാള്‍ തനിച്ച് താമസിക്കുന്നതായാണ് കരുതപ്പെടുന്നത്.
1996 മുതല്‍ ഈ സംഘടന ഇയാളെ നിരീക്ഷിച്ചുവരികയാണ്. 2018 മെയ് മാസം വരെ ഈ മനുഷ്യനെ വനത്തില്‍ കണ്ടതായി സംഘടന വെളിപ്പെടുത്തുന്നു. ഇയാളുടെ ഗോത്രത്തില്‍പ്പെട്ട മറ്റാരെയും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഇയാള്‍ ആ ഗോത്രത്തിലെ അവസാന മനുഷ്യനാണെന്നാണ് കരുതുന്നത്.
വനസമ്പത്തു തേടി പുറത്തുനിന്നെത്തുന്നവര്‍ ആ ഗോത്രത്തിലെ മറ്റ് അംഗങ്ങളെ കൊന്നൊടുക്കിയതാവാമെന്നാണ് ഇന്ത്യന്‍ ഫൗണ്ടേഷന് അധികൃതര്‍ പറയുന്നത്. പുറത്തുനിന്നുള്ള മനുഷ്യരുടെ ഇടപെടലുകള്‍ മൂലം ആമസോണ്‍ വനാന്തരങ്ങളിലെ നിരവധി ഗോത്രവിഭാഗങ്ങള്‍ ഭീഷണി നേരിടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം ഇത്തരത്തില്‍ 71 പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബ്രസീല്‍ അധികൃതര്‍ പറയുന്നു.
1970-80 കാലഘട്ടങ്ങളില്‍ തടിവെട്ടുകാരും കര്‍ഷകരും പിടിച്ചു പറിക്കാരും ഈ മേഖലയിലുള്ള അനവധിപേരെ കൊലപ്പെടുത്തകയും ഒഴിപ്പിക്കുകയും ചെയ്തിരുന്നു. 1995 ല്‍ ഇവിടെ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം അവശേഷിച്ച ഏക വ്യക്തിയായിരിക്കണം ഇയാള്‍.