സൗദിയില്‍ ഇഖാമ പുതുക്കാന്‍ പുതിയ വ്യവസ്ഥ; കൂട്ടമായി താമസിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായേക്കും

single-img
22 July 2018

സൗദിയില്‍ ഇഖാമ പുതുക്കാന്‍ വാടക കരാര്‍ നിര്‍ബന്ധമാക്കുന്ന വ്യവസ്ഥ ഉടന്‍ നടപ്പിലാക്കും. വിദേശികളുടെ ഇഖാമ, വര്‍ക്ക് പെര്‍മിറ്റ് തുടങ്ങിയവ ഈജാര്‍ നെറ്റ് വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്ത് പാര്‍പ്പിട കരാറുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പദ്ധതി. പദ്ധതി നടപ്പിലാക്കുന്നതിലൂടെ വാടക കരാര്‍ ഈജാര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വിദേശികള്‍ക്ക് ഇഖാമയും വര്‍ക്ക് പെര്‍മിറ്റും പുതുക്കാന്‍ സാധിക്കില്ല.

ഇതിനുള്ള വ്യവസ്ഥ വൈകാതെ നടപ്പാക്കുമെന്ന് ഇജാര്‍ പ്രോഗ്രാം സ്ട്രാറ്റജിക് പെര്‍ഫോമന്‍സ് ഡയറക്ടര്‍ അബ്ദുറഹ്മാന്‍ അല്‍ സമാരി പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 12ാം തീയതി മുതലാണ് സൗദിയിലെ പാര്‍പ്പിട കാര്യ മന്ത്രാലയം ഈജാര്‍ എന്ന പ്രോഗാമിന് തുടക്കം കുറിച്ചത്.

വാടക മേഖല ക്രമീകരിക്കുകയും കരാറില്‍ ഉള്‍പ്പെട്ട കക്ഷികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അബ്ഷിറില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ക്കും എട്ടുമിനുട്ടിനകം നാല് ചുവടുകളിലായി വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള എക്‌സ് പ്രസ് സേവനം തുടങ്ങി കഴിഞ്ഞതായും അബ്ദുറഹ്മാന്‍ അല്‍ സമാരി പറഞ്ഞു.

എന്നാല്‍ സ്വന്തം പേരില്‍ വാടക കരാര്‍ ഇല്ലാത്ത കൂട്ടമായി താമസിക്കുന്ന പ്രവാസികളെ ഇത് ദോഷകരമായി ബാധിക്കാനിടയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫമിലി ഫ്‌ലാറ്റുകളില്‍ താമസിക്കുന്ന ബാച്ചിലേഴ്‌സിനേയും ഇത് ബാധിച്ചേക്കുമെന്നാണ് സൂചന.