ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേഷ് ചണ്ഡിമല്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ വിലക്ക്

single-img
17 July 2018

ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേഷ് ചണ്ഡിമല്‍, പരിശീലകന്‍ ചണ്ഡിക ഹതുരുസിംഗെ, ടീം മാനേജര്‍ അസാങ്ക ഗുരുസിംഗെ എന്നിവര്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ വിലക്ക്. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത രീതിയില്‍ പെരുമാറിയതിനാണ് വിലക്ക്.

രണ്ട് ടെസ്റ്റിലും നാല് ഏകദിനങ്ങളിലുമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. മൂവരും ഐ.സി.സിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതായി തെളിഞ്ഞിരുന്നു. നേരത്തേ ഇവരെ ഒരു മത്സരത്തില്‍ നിന്ന് വിലക്കിയിരുന്നു. വിശദമായ അന്വേഷണങ്ങള്‍ക്കു ശേഷം തിങ്കളാഴ്ചയാണ് രണ്ട് ടെസ്റ്റിലും നാല് ഏകദിനങ്ങളിലും വിലക്കിക്കൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്.

ഇതോടെ, ഇപ്പോള്‍ തുടരുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിലും തുടര്‍ന്ന് നാല് ഏകദിനങ്ങളിലും ചണ്ഡിമലിന് കളിക്കാനാകില്ല. കഴിഞ്ഞമാസം വിന്‍ഡീസില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാംദിനം ചണ്ഡിമല്‍ പന്തില്‍ കൃത്രിമം കാട്ടിയതായി കണ്ടെത്തിയിരുന്നു.

മാച്ച് റഫറി നടപടിയെടുക്കുകയും ചെയ്തു. പന്ത് രൂപത്തില്‍ മാറ്റം വന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി മൂന്നാം ദിനം മറ്റൊരു പന്താണ് മത്സരത്തിനെടുത്തത്. ഇതില്‍ പ്രതിഷേധിച്ച് മൂന്നാം നാള്‍ ഗ്രൗണ്ടിലിറങ്ങാന്‍ ചണ്ഡിമലിന്റെ നേതൃത്വത്തില്‍ ലങ്കന്‍ താരങ്ങള്‍ വിമുഖത കാട്ടി.

അമ്പയര്‍മാര്‍ ആവശ്യപ്പെട്ടിട്ടും രണ്ടുമണിക്കൂറോളം വൈകിയാണ് കളത്തിലിറങ്ങിയത്. ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് മത്സരം പുനരാരംഭിച്ചത്. അവര്‍ക്ക് അഞ്ച് പെനാല്‍ട്ടി റണ്ണും വിധിച്ചിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോള്‍ കടുത്ത നടപടി വന്നിരിക്കുന്നത്.