ചരിത്ര മല്‍സരത്തില്‍ ധോണിക്ക് സ്റ്റേഡിയം വിടേണ്ടിവന്നത് കൂവലും പരിഹാസവും ഏറ്റുവാങ്ങി

single-img
16 July 2018

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിലാണ് ധോണിയെ ആരാധകര്‍ കൂവി വിട്ടത്. 59 പന്തുകള്‍ നേരിട്ട ധോണി രണ്ടു ബൗണ്ടറി ഉള്‍പ്പെടെ 37 റണ്‍സെടുത്താണ് പുറത്തായത്. ഈ മെല്ലെപ്പോക്കാണ് ആരാധകരെ ധോണിക്ക് എതിരാക്കിയത്. മാത്രമല്ല, ധോണി പുറത്തായപ്പോള്‍ അവര്‍ കയ്യടിക്കുകയും ചെയ്തു.

തുടര്‍ച്ചയായി മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് മൂന്നിന് 60 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ തകരുമ്പോള്‍ ക്രീസിലെത്തിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന എന്നിവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ഇന്ത്യയെ മല്‍സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
56 പന്തില്‍ രണ്ടു ബൗണ്ടറി ഉള്‍പ്പെടെ 45 റണ്‍സെടുത്ത വിരാട് കോഹ്‌ലിയെ മോയിന്‍ അലി എല്‍ബിയില്‍ കുരുക്കിയതോടെയാണ് ധോണി ക്രീസിലെത്തിയത്.

ഈ സമയത്ത് ഇന്ത്യയുടെ സ്‌കോര്‍ 27 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ്. ഇന്ത്യയ്ക്ക് വിജയത്തിലേക്ക് വേണ്ടത് 138 പന്തില്‍ 183 റണ്‍സ്. അവശേഷിക്കുന്നത് ആറു വിക്കറ്റും. ശ്രമിച്ചാല്‍ വിജയം നേടാവുന്ന അവസ്ഥ. എന്നാല്‍, കൂറ്റന്‍ അടികള്‍ക്ക് ശ്രമിക്കാതെ ധോണി പതിയെ ബാറ്റു വീശുകയായിരുന്നു.

കോഹ്‌ലിക്കു പിന്നാലെ 63 പന്തില്‍ 46 റണ്‍സുമായി സുരേഷ് റെയ്‌നയും കൂടാരം കയറിയതും ഇന്ത്യയെ വലച്ചു. അപ്പോഴും, 46ാം ഓവര്‍ തുടങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 30 പന്തില്‍ 110 റണ്‍സ്. ഡേവിഡ് വില്ലി എറിഞ്ഞ ഈ ഓവറിലെ ആദ്യ നാലു പന്തുകളില്‍ ധോണിക്ക് റണ്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ പോയതോടെ ആരാധകര്‍ ക്രുദ്ധരായി.

ഇതോടെ ആരാധകര്‍ കൂവിവിളിക്കുകയായിരുന്നു. ഓരോ പന്തിനുശേഷവും ആരാധകര്‍ കൂവിയ കാഴ്ച, ആശ്ചര്യപ്പെടുത്തിയെന്നായിരുന്നു കളിയിലെ മാന്‍ ഓഫ് ദി മാച്ചായ ജോ റൂട്ടിന്റെ പ്രതികരണം. ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കിയ ചരിത്ര മല്‍സരത്തിലാണ് ധോണി ഈ കൂവലും പരിഹാസവും ഏറ്റുവാങ്ങി സ്റ്റേഡിയം വിടേണ്ടിവന്നത് എന്നത് വിരോധാഭാസമായി. ഏകദിനത്തില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ധോണിയെന്നതും ശ്രദ്ധേയം.