ആഹ്ലാദം അടക്കാനാകാതെ ക്രൊയേഷ്യന്‍ പ്രസിഡന്റ് ട്രംപിനും തെരേസാ മേയ്ക്കും ടീമിന്റെ ജഴ്‌സി നല്‍കി

single-img
14 July 2018

ക്രൊയേഷ്യ ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇടം നേടിയതിന്റെ ആഹ്ലാദം അടക്കാനാകാതെ പ്രസിഡന്റ് കൊളിന്ദ ഗ്രാബര്‍ കിറ്ററോവിച്ച്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കും തങ്ങളുടെ ടീമിന്റെ ജെഴ്‌സി നല്‍കിയാണ് കിറ്ററോവിച്ച് ഫൈനലിന്റെ ആവേശം ആഘോഷിക്കുന്നത്.

ബ്രസല്‍സിലെ നാറ്റൊ ഉച്ചക്കോടിക്കിടെയാണ് ടീമിന്റെ ജഴ്‌സി നല്‍കിയത്. സ്‌ട്രൈക്കര്‍ ആന്ദ്രെ ക്രാമരിച്ചിന്റെ ഒമ്പതാം നമ്പര്‍ ജഴ്‌സിയാണ് ട്രംപിന് നല്‍കിയത്. ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ചിന്റെ 10ആം നമ്പര്‍ ജഴ്‌സി തെരേസാ മേയ്ക്കും നല്‍കി. ജെഴ്‌സി നല്‍കുന്നതിന്റെ ചിത്രങ്ങള്‍ കിറ്ററോവിച്ച് തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.

സെമിയില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയപ്പോള്‍ ക്രൊയേഷ്യന്‍ ടീം അംഗങ്ങളോടൊപ്പം ആഹ്ലാദിക്കുന്ന പ്രസിഡന്റിന്റെ വീഡിയോ വൈറലായിരുന്നു. ഫ്രാന്‍സിനെതിരെയുള്ള ഫൈനല്‍ മത്സരം കാണാനും കാളിന്ദ ഗ്രാബര്‍ കിറ്ററോവിച്ച് റഷ്യയിലെത്തും.