മകള്‍ എന്നെപ്പോലെയാകേണ്ട: സെറീന വില്ല്യംസ്

single-img
10 July 2018

മകള്‍ ഒളിമ്പ്യയെ തന്റെ പാതയില്‍ കൊണ്ട് വരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം. മകളെ അമ്മയെ പോലെ മിടുക്കിയായ കളിക്കാരിയാക്കി വളര്‍ത്തുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സെറീന. ‘മകളെ ഇതില്‍ നിന്ന് മാറി മറ്റൊരു പാതയിലൂടെ നയിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഒത്തിരി മാനസിക സമ്മര്‍ദ്ദവും പിരിമുറുക്കവും അനുഭവിച്ചാണ് ഈ പദവിയില്‍ ഞാനെത്തിയത്. എന്റെ മകളെ അത്രയും കഷ്ടതകള്‍ നേരിടാന്‍ ഞാന്‍ അനുവദിക്കില്ല’. ഏഴ് തവണ വിംബിള്‍ഡണ്‍ ചാമ്പ്യനായ സെറീന പറയുന്നു. അമ്മയും അച്ഛനും ഞങ്ങള്‍ രണ്ടു പെണ്‍കുട്ടികളേയും കുട്ടിക്കാലം മുതലേ ടെന്നിസ് പരിശീലിപ്പിച്ചിരുന്നു.

അതുപോലൊരു അമ്മയാകാന്‍ എനിക്കാകില്ലെന്നും അതിന് സമയം അനുവദിക്കുന്നില്ലെന്നും സെറീന പറയുന്നു. ഒളിമ്പ്യയ്ക്ക് ടെന്നിസിനോട് താല്‍പ്പര്യമുണ്ടെങ്കില്‍ അവളെ പരിശീലിപ്പിക്കാന്‍ തയ്യാറായി സഹോദരി വീനസ് മുന്നോട്ടുവന്നിട്ടുണ്ട്. എന്നാല്‍ അമ്മയെന്ന നിലയില്‍ ഒളിമ്പ്യയെ ടെന്നിസ് കളിക്കാരിയാക്കാന്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്ന് സെറീന ആവര്‍ത്തിച്ച് വ്യക്തമാക്കി.

അതേസമയം, ടെന്നിസ് കളിക്കാരിയാകണമെന്ന് ആഗ്രഹിച്ചു മകള്‍ മുന്നോട്ടുവരികയാണെങ്കില്‍ ഒരിക്കലും തടസ്സം നില്‍ക്കില്ലെന്നും അവളെ അതിനായി താന്‍ തന്നെ പരിശീലിപ്പിക്കുമെന്നും സെറീന ചിരിച്ചുകൊണ്ട് പറഞ്ഞു. വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് പ്രസിദ്ധമായ സെന്റര്‍കോര്‍ട്ടിന് മുന്നിലിരുന്ന് മകളുമൊന്നിച്ചുള്ള ചിത്രങ്ങള്‍ സെറീന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.