രോഹിത് ശര്‍മയുടെയും ശിഖര്‍ ധവാന്റെയും വെടിക്കെട്ട് ബാറ്റിംഗ്: ആദ്യ ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് 76 റണ്‍സ് ജയം

single-img
28 June 2018

അയര്‍ലന്‍ഡിനെതിരെയുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 76 റണ്‍സിന്റെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 209 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുവേന്ദ്ര ചാഹലുമാണ് അയര്‍ലന്‍ഡിനെ തകര്‍ത്തത്. ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മ (61 പന്തില്‍ 97), ശിഖര്‍ ധവാന്‍ (45 പന്തില്‍ 74) എന്നിവരുടെ അര്‍ധശതകങ്ങളാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 16 ഓവറില്‍ 160 റണ്‍സ് വാരി. അയര്‍ലന്‍ഡ് നിരയില്‍ ഓപ്പണര്‍ ജയിംസ് ഷാനന്‍ (35 പന്തില്‍ 60) മാത്രമേ ശോഭിച്ചുള്ളൂ. രണ്ടാം മത്സരം വെള്ളിയാഴ്ച ഇതേവേദിയില്‍ നടക്കും.

ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയ്ക്ക് മുന്നോടിയായിട്ടാണ് അയര്‍ലന്‍ഡുമായി ഇന്ത്യ മത്സരത്തിനിറങ്ങിയത്. അഞ്ചു ടെസ്റ്റുകളും മൂന്ന് വീതം ഏകദിനവും ട്വന്റി20യും അടങ്ങിയതാണ് ഇംഗ്ലണ്ടുമായുള്ള പരമ്പര.