പാട്രിയറ്റ് സമയത്തിന് പ്രവര്‍ത്തിച്ചു; സൗദിയിലേക്ക് കുതിച്ചെത്തിയ വന്‍ ദുരന്തം ഒഴിവായി

single-img
25 June 2018

റിയാദ് ലക്ഷ്യമാക്കി യമന്‍ അതിര്‍ത്തിയില്‍ നിന്ന് വന്ന ബാലിസ്റ്റിക് മിസൈല്‍ സൗദി സൈന്യം തകര്‍ത്തു. ഞായറാഴ്ച രാത്രി 8.30 ഓടെയാണ് ഹൂതികള്‍ റിയാദിനെ ലക്ഷ്യം വെച്ച് മിസൈലയച്ചത്. ജനവാസ മേഖല ലക്ഷ്യം വെച്ചാണ് മിസൈല്‍ എത്തിയത്.

എന്നാല്‍ സൗദിയുടെ മിസൈല്‍ പ്രതിരോധ സംവിധാനം മിസൈല്‍ ലക്ഷ്യത്തിലെത്തും മുന്‍പേ കണ്ടെത്തി ആകാശത്തുവച്ചു തകര്‍ത്തു. ഒരു മാസത്തിനിടെ 21ാം തവണയാണ് സൗദിയിലേക്ക് മിസൈല്‍ വരുന്നത്. സൗദി എയര്‍ ഡിഫന്‍സ് സേനകളുടെ തന്ത്രപ്രധാന നീക്കത്തിലൂടെയാണ് മിസൈലുകള്‍ തകര്‍ക്കാന്‍ സാധിച്ചത്.

അമേരിക്കയുടെ പ്രതിരോധ ടെക്‌നോളജി പാട്രിയറ്റ് സമയത്തിന് പ്രവര്‍ത്തിച്ചതും മിസൈലുകള്‍ തകര്‍ക്കാന്‍ സഹായകരമായി. സൗദി തലസ്ഥാനത്തെ പ്രതിരോധ മന്ത്രാലയം അടക്കമുള്ള കേന്ദ്രങ്ങളാണു ഹൂതികള്‍ ലക്ഷ്യമിട്ടതെന്നു പറയുന്നു. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യെമനില്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്കു തിരിച്ചടിയായിട്ടാണു ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ മിസൈലാക്രമണം.

യെമനിലെ സഹ്ദയില്‍ നിന്നാണ് ഇറാനിന്റെ സഹായത്തോടെ ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തുന്നത്. സൗദിയിലെ നിരവധി നഗരങ്ങള്‍ക്കു നേരെയും നേരത്തെ മിസൈല്‍ ആക്രണം നടന്നിട്ടുണ്ട്. നജ്‌റാന്‍, ജിസാന്‍, മെക്ക എന്നിവിടങ്ങളിലേക്കും മിസൈല്‍ ആക്രമണം നടത്തിയിട്ടുണ്ട്.

എന്നാല്‍ എല്ലാ മിസൈലുകളും പാട്രിയറ്റിന്റെ സഹായത്തോടെ തകര്‍ത്തു. കഴിഞ്ഞ വര്‍ഷം നവംബറില്‍ റിയാദിലെ എയര്‍പോര്‍ട്ട് ലക്ഷ്യമിട്ട് യെമന്‍ വിമതരായ ഹൂതികള്‍ വിക്ഷേപിച്ച മിസൈലും തകര്‍ത്തിരുന്നു