യു.എ.ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

single-img
21 June 2018

യു.എ.ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും, ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരമാണ് പൊതുമാപ്പിലൂടെ ലഭ്യമാകുക. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന പൊതുമാപ്പ് ഓഗസ്റ്റ് ഒന്നിനാണ് തുടങ്ങുക.

അനധികൃതമായി താമസിച്ചതിനുള്ള പിഴയോ മറ്റ് നിയമനടപടികളോ ഇവര്‍ക്ക് നേരിടേണ്ടി വരില്ലെന്നതും പൊതുമാപ്പിന്റെ പ്രത്യേകതയാണ്. ‘പദവി ശരിയാക്കൂ; സ്വയം സംരക്ഷിക്കൂ’ എന്ന പേരിലാണ് പൊതുമാപ്പ് നടപ്പാക്കുന്നത്. വിസ നിയമങ്ങളില്‍ അയവ് വരുത്തിയ സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുമാപ്പും നടപ്പാക്കുന്നത്.

പൊതുമാപ്പ് സംബന്ധിച്ച സംശയങ്ങള്‍ പരിഹരിക്കാന്‍ ടോള്‍ ഫ്രീ ടെലിഫോണ്‍ നമ്പറും ഏര്‍പ്പെടുത്തി. ഇതിനോടകം തന്നെ 12,500 പേരെ പിഴ അടക്കമുള്ള നടപടികളില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ വിസ നിയമങ്ങളില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തിയ തീരുമാനങ്ങള്‍ യുഎഇ മന്ത്രസഭാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് പൊതുമാപ്പും. ഇതിന് മുമ്പ് 2013ലായിരുന്നു പൊതുമാപ്പ് പ്രഖ്യാപിച്ചത്. അന്ന് ഏതാണ്ട് 62,000 വിദേശികളാണ് രേഖകള്‍ ശരിയാക്കിയതും ശിക്ഷകൂടാതെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയതും. രണ്ട് മാസമായിരുന്നു അന്ന് പൊതുമാപ്പിന്റെ കാലാവധി.