മുരിങ്ങ അത്ര ചില്ലറക്കാരനല്ല; എത്ര മലിനമായ ജലത്തെയും ശുദ്ധീകരിക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍

single-img
18 June 2018

നമ്മുടെയൊക്കെ വീട്ടുവളപ്പില്‍ ധാരാളമായി കണ്ടുവരുന്ന മുരിങ്ങ അത്ര ചില്ലറക്കാരനല്ലെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. മുരിങ്ങയുടെ ഇലകളും വേരുമെല്ലാം ഉപയോഗിച്ച് എത്ര മലിനമായ ജലത്തേയും ശുദ്ധമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.

അമേരിക്കയിലെ കാര്‍ണെഗി മിലെന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. കലക്കവെള്ളത്തെ പോലും മുരിങ്ങയ്ക്ക് ശുദ്ധീകരിക്കാന്‍ കഴിയുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. മലിന ജലത്തിലെ സൂക്ഷ്മാണുക്കളെ കൊല്ലുന്നതിനുള്ള കഴിവും മുരിങ്ങക്കുണ്ട്. അതുകൊണ്ട് തന്നെ മുരിങ്ങയില ഇട്ടു വെച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

അനവധി അമിനാമ്ലങ്ങള്‍, വിറ്റാമിന്‍ എ, സി, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ചെമ്പ്, ഇരുമ്പ്,പ്രോട്ടീന്‍, ജലാംശം, അന്നജം, കൊഴുപ്പ് എന്നീ ഘടകങ്ങള്‍കൊണ്ട് നിറഞ്ഞതാണ് മുരിങ്ങക്കായ. മുരിങ്ങയുടെ വേരില്‍നിന്നും തൊലിയില്‍നിന്നും അണുനാശക ശക്തിയുള്ള ചില ആല്‍ക്കലോയിഡുകള്‍ വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. ഉഷ്ണവീര്യവും, കൃമിഹരവും, മൂത്രവര്‍ധകവും, ആര്‍ത്തവജനകവും, നീര്‍ക്കെട്ട്,വേദന എന്നിവയെ ശമിപ്പിക്കുന്നതിന് മുരിങ്ങവേര് ഉത്തമമാണെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.