‘അര്‍ജന്റീനയുടെ മണിയാശാനും, ബ്രസീലിന്റെ കടകംപള്ളിയും നേര്‍ക്കുനേര്‍’; നിലപാട് വ്യക്തമാക്കാതെ മുഖ്യമന്ത്രി

single-img
14 June 2018

പന്തുരുളുന്നതിന് മുമ്പേ തുടങ്ങിയതാണ് കേരളത്തില്‍ ഫുട്‌ബോള്‍ പോര്. ലോകകപ്പ് ആരവം കേരള മന്ത്രിസഭയിലും മുഴങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ആദ്യം മുഖ്യമന്ത്രിയുടെ വകയായിരുന്നു ഫുട്‌ബോള്‍ മാമാങ്കവരവേല്‍പ്പ്. മലയാളിയുടെ ഫുട്‌ബോള്‍ ആവേശത്തിനൊപ്പം കൊച്ചു മകനൊപ്പം ഫുട്‌ബോള്‍ തട്ടുന്ന ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്.

മുഖ്യമന്ത്രിക്ക് പിന്നാലെ എം.എം മണിയും എത്തി. മുഖ്യനെക്കാള്‍ അല്‍പം കടന്ന ആരാധനയാണ് അദ്ദേഹം പങ്കുവച്ചത്. അര്‍ജന്റ്റീന ചങ്കും ചങ്കിടിപ്പുമായ മണിയാശാന്‍ നീല ജഴ്‌സിയില്‍ നില്‍ക്കുന്ന ചിത്രവും പങ്കുവച്ചാണ് അര്‍ജന്റീന ആരാധകരുടെ മണി മുത്തായത്. ‘ചങ്കിടിപ്പാണ്… അര്‍ജന്റീന.. അന്നും.. ഇന്നും.. എന്നും.. നാടന്‍ശൈലയില്‍ തന്നെ മണിയാശാന്റെ കുറിപ്പും.

ഈ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തതിന് പിന്നാലെ വന്നു കടകംപള്ളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മണിയാശാനെ ഒന്നുകൊട്ടി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. ‘ചങ്കിടിപ്പല്ല ചങ്കുറപ്പാണ്…കാനറിപ്പടയാണ് ആശാനേ കാല്‍പ്പന്തിന്റെ ആവേശം…മഞ്ഞപ്പടയുടെ മാന്ത്രികതയ്‌ക്കൊപ്പം..’. കടകംപള്ളി അങ്ങനെ ബ്രസീല്‍ ആരാധകരുടെ ചങ്കിടിപ്പായി. മന്ത്രിമാരുടെ വരെ ആവേശം വാനോളം ഉയര്‍ന്നതോടെ പൂരത്തിന്റെ കൊടിയേറ്റിനായി കാത്തിരിപ്പിലാണ് കാല്‍പന്തു പ്രേമികള്‍.