ജെറുസലേമില്‍ കളിച്ചാല്‍ മെസിയുടെ ചിത്രങ്ങളും ജെഴ്‌സിയും കത്തിക്കാന്‍ ആഹ്വാനം

single-img
4 June 2018

ജറുസലേം: ജറുസലേമില്‍ ലയണല്‍ മെസ്സി കളിച്ചാല്‍ അദ്ദേഹത്തിന്റെ ജേഴ്‌സി കത്തിക്കണമെന്ന ആഹ്വാനവുമായി പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവി ജിബ്രില്‍ റജോബ് രംഗത്ത്. അടുത്ത ശനിയാഴ്ച ജറുസലേമിലെ ടെഡ്ഡി കൊല്ലക്ക് സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന അര്‍ജന്റീന ഇസ്രയേല്‍ സൗഹൃദ മത്സരത്തില്‍ കളിക്കരുതെന്നാണ് മെസ്സിക്ക് പലസ്തീന്റെ മുന്നറിയിപ്പ്.

പലസ്തീന്‍ ജനതയുടെ പ്രതിഷേധം വകവെയ്ക്കാതെ കഴിഞ്ഞ മാസം യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ഫുട്‌ബോള്‍ സൗഹൃദ മത്സരവും അവിടേക്ക് മാറ്റാനുള്ള ഇസ്രയേലിന്റെ തീരുമാനം. ജറുസലേമില്‍ കളി നടത്തുന്നതിന്റെ എതിര്‍പ്പ് ചൂണ്ടിക്കാട്ടി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തലവനും റജോബ് കത്ത് നല്‍കിയിട്ടുണ്ട്.

ഇസ്രയേലിന്റെ എഴുപതാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നതെന്നും, ഇതിനെ രാഷ്ട്രീയായുധമാക്കാനുമാണ് ശ്രമമെന്നും റജോബ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രയേലിനെതിരെ മെസി കളിച്ചാല്‍ അദ്ദേഹത്തിന്റെ ജേഴ്‌സിയും ചിത്രങ്ങളും കത്തിക്കാനാണ് തീരുമാനം. മെസ്സി വരില്ലെന്ന് തന്നെയാണ് പ്രതീക്ഷ, റജോബ് കൂട്ടിച്ചേര്‍ത്തു.