വിരാട് കൊഹ്ലിക്ക് നട്ടെല്ലിന് പരിക്ക്; കൗണ്ടിയില്‍ നിന്ന് പുറത്ത്; ലോകകപ്പിലെ സാധ്യതയ്ക്കും തിരിച്ചടി?

single-img
24 May 2018

ന്യൂഡല്‍ഹി: ക്രിക്കറ്റ് ആരാധകരെ നിരാശയിലാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി പരിക്കിന്റെ പിടിയില്‍. നട്ടെല്ലിലെ കശേരുക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് കൊഹ്ലിയോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിശ്രമമില്ലാതെ കളിച്ചതാണ് വിരാടിന് തിരിച്ചടിയായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൗണ്ടി മത്സരത്തില്‍ പങ്കെടുക്കാനായി ഇംഗ്ലണ്ടിലാണ് ഇന്ത്യന്‍ നായകനിപ്പോള്‍. പരിക്ക് കാരണം സറെയ്ക്ക് വേണ്ടി കളിക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പുറത്ത് വരുന്നത് പോലെ ഡിസ്‌ക് തെറ്റിയതല്ലെന്നും കഴുത്ത് ഉളുക്കിയത് മാത്രമാണെന്നും ബി.സി.സി.ഐ വ്യക്തമാക്കി.

കൊഹ്‌ലി ക്ഷീണിതനാണെന്നും അദ്ദേഹത്തിന്റെ ജോലിഭാരമാണ് അതിന് കാരണമെന്നും ബി.സി.സി.ഐയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനത്തിന് മുന്നോടിയായിരുന്നു കൗണ്ടി ക്ലബായ സറെയ്ക്ക് വേണ്ടി കളിക്കാന്‍ കൊഹ്‌ലി തീരുമാനിച്ചത്.

പരിക്കായതിനാല്‍ കൗണ്ടി കളിച്ചാല്‍ കൊഹ്‌ലിക്ക് ഇംഗ്ലീഷ് പര്യടനം നഷ്ടപ്പെടുമെന്ന് അദ്ദേഹത്തിന്റെ ഡോക്ടര്‍ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരം ഒഴിവാക്കിയായിരുന്നു ഇംഗ്ലീഷ് കൗണ്ടിയില്‍ കളിക്കാന്‍ കൊഹ്‌ലി തീരുമാനിച്ചത്.