കോഹ്ലിയെ ‘പറഞ്ഞുവിട്ട’ യൂസഫ് പഠാന്റെ ആ ക്യാച്ചിന് പത്തരമാറ്റ് തിളക്കം

single-img
8 May 2018

ഇന്നലെ കോഹ്‌ലിപ്പട തോറ്റമ്പിയ മത്സരത്തില്‍ ‘താരം’ യൂസഫ് പഠാനായിരുന്നു. ഹൈദരാബാദ് അഞ്ചു റണ്‍സിന്റെ ആനുകൂല്യത്തില്‍ ജയിച്ചു കയറിയ മത്സരത്തില്‍ ബംഗ്ലൂര്‍ നായകനെ വീഴ്ത്തിയ ആ തകര്‍പ്പന്‍ ക്യാച്ചിന് പത്തരമാറ്റ് തിളക്കമായിരുന്നു.

9.4 ഓവറില്‍ രണ്ടിന് 74 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് 39 റണ്‍സെടുത്ത കോഹ്‌ലിയെ മനോഹരമായ ക്യാച്ചിലൂടെ പത്താന്‍ പിടിച്ചുപുറത്താക്കിയത്. ഷാകിബിന്റെ പന്തിന്റെ ഗതിയറിയാതെ ബാറ്റുവീശിയ കോഹ്‌ലി അടിച്ച പന്ത് പിറകിലേക്കോടി ഉയര്‍ന്നുപൊങ്ങി യൂസഫ് പത്താന്‍ ഒറ്റക്കൈയില്‍ പിടിക്കുകയായിരുന്നു.

പത്താന്റെ പ്രകടനം കണ്ട് കമന്റേറ്റര്‍മാരും ടീമംഗങ്ങളും ഒരുനിമിഷം തരിച്ചുനിന്നു. പത്താന്റെ ക്യാച്ചോടെ നിര്‍ണായക വിക്കറ്റാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. 39 റണ്‍സ് എടുത്ത് മുന്നേറുകയായിരുന്നു കോഹ്‌ലി വീണതോടെ അക്ഷരാര്‍ത്ഥത്തില്‍ ഹൈദരാബാദ് കോഹ്‌ലിപ്പടയുടെ ചിറക് അരിഞ്ഞിട്ടു.

147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍.സി.ബിക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 56 റണ്‍സെടുത്ത കെയ്ന്‍ വില്യംസണാണ് ടോപ്‌സ്‌കോറര്‍. ടിം സൗത്തിയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അവസാന ഓവറില്‍ 12 റണ്‍സ് മതിയായിരുന്നിട്ടും ഭുവനേശ്വറിന്റെ ബോളിങ് മികവിന് മുന്നില്‍ ആര്‍.സിബി നിരായുധരായി.