യു.എ.ഇ.യില്‍ മലയാളികള്‍ക്ക് ഭാഗ്യം തുടരുന്നു; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ തിരുവല്ലക്കാരന് 12 കോടി സമ്മാനം

single-img
4 May 2018

ദുബായ്: മലയാളിയെത്തേടി വീണ്ടും കോടികളുടെ കിലുക്കം. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 70 ലക്ഷം ദിര്‍ഹം (12 കോടിയിലധികം രൂപ) ലഭിച്ചത് മലയാളിക്ക്. കുവൈത്തില്‍ ജോലിചെയ്യുന്ന പത്തനംതിട്ട സ്വദേശി അനില്‍ വര്‍ഗീസ് തേവേരില്‍ ആണ് ഏറ്റവും ഒടുവില്‍ ഭാഗ്യം കടാക്ഷിച്ച മലയാളി.

മകന്റെ ജന്മദിനത്തിന്റെ നമ്പര്‍ നോക്കി ഓണ്‍ലൈന്‍ വഴി എടുത്ത ടിക്കറ്റാണ് അനിലിന് ഭാഗ്യം സമ്മാനിച്ചത്. 26 വര്‍ഷമായി കുവൈത്തിലുള്ള അനില്‍ വര്‍ഗീസ് ഖറാഫി നാഷനല്‍ കമ്പനി ഉദ്യോഗസ്ഥനാണ്. ഇത് രണ്ടാം തവണയായിരുന്നു ഭാഗ്യപരീക്ഷണം.

കുവൈത്തില്‍ ബദൂര്‍ ട്രാവല്‍സില്‍ ജോലി ചെയ്യുന്ന രേണുവാണ് ഭാര്യ. മകന്‍ രോഹിത് തേവര കോളജ് ബികോം വിദ്യാര്‍ഥി. ലോട്ടറിയടിച്ചെങ്കിലും നേരത്തെ നിശ്ചയിച്ചതു പോലെ അടുത്തവര്‍ഷം പ്രവാസജീവിതം മതിയാക്കി നാട്ടില്‍ സ്ഥിരതാമസമാക്കാനാണു പരിപാടിയെന്ന് അനില്‍ തോമസ് പറഞ്ഞു. മറ്റുകാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും.

നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിര്‍ഹം വീതം സമ്മാനം ലഭിച്ചവരിലും മലയാളികള്‍ ഉള്‍പ്പെടുന്നുണ്ട്. ജോര്‍ജ് കളരിക്കല്‍ മാത്യു, സതീഷ് ടോഗോട്ട, ബൈജു പൂക്കോട്ടു കുട്ടപ്പന്‍, ഇര്‍ഷാദ് പട്ടേല്‍, സൈദലവി മൊയ്ദീന്‍ കുട്ടി തുടങ്ങിയവരാണ് ഒരു ലക്ഷം നേടിയത്.