ബൂട്ടുപയോഗിച്ച് ചവിട്ടി പന്തില്‍ കൃത്രിമം: ഓസീസ് പേസ് ബൗളര്‍ പാറ്റ് കുമ്മിന്‍സും വിവാദത്തിൽ

single-img
31 March 2018

ആസ്‌ട്രേലിയന്‍ ടീമിനെതിരെ പന്തില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണം വീണ്ടും. ഓസീസ് പേസ് ബൗളര്‍ പാറ്റ് കുമ്മിന്‍സ് ബൂട്ടുപയോഗിച്ച് പന്ത് ചവിട്ടിയെന്ന ആരോപണമാണ് ഉയരുന്നത്. പന്തില്‍ കൃത്രിമം കാണിച്ചെന്ന് ആരോപണം ഉയര്‍ന്ന് വിവാദമായ ആസ്‌ട്രേലിയ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ സംഭവമാണ് ഇപ്പോള്‍ വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്നത്.

മൂന്നാം ടെസ്റ്റിന്റെ അമ്പത്തിമൂന്നാം ഓവറിനിടെയായിരുന്നു വിവാദ സംഭവം അരങ്ങേറിയത്. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഡീന്‍ എല്‍ഗാര്‍ പന്ത് ബൗളറായ കുമ്മിന്‍സിന് നേരെ പ്രതിരോധിച്ചു. പന്തില്‍ കുമ്മിന്‍സ് ചവിട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ആദ്യം ആരും ഇത് ഗൗരവത്തിലെടുത്തില്ലെങ്കിലും പ്രോട്ടീസ് മുന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തിന്റെ കമന്ററിയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. അവിചാരിതമെങ്കിലും പ്രത്യേക ഉദ്ദേശത്തോടെയെന്നായിരുന്നു സംഭവത്തെ സ്മിത്ത് വിശേഷിപ്പിച്ചത്.

സംഭവം വിവാദമായതോടെ ഫീല്‍ഡ് അമ്പയര്‍മാരായ റിച്ചാര്‍ഡ് ഇല്ലിംങ്‌വര്‍ത്തും നൈജല്‍ ലോങും പന്ത് പരിശോധിച്ചു. കുഴപ്പമില്ലെന്ന് കണ്ടതോടെയാണ് കളി തുടരാന്‍ അനുവദിച്ചത്.