സ്മിത്തിനും വാര്‍ണര്‍ക്കും പിന്തുണയുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറും രോഹിത് ശര്‍മ്മയും

single-img
30 March 2018

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ ഒരു വര്‍ഷം വിലക്കേര്‍പ്പെടുത്തിയ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും കാമറോണ്‍ ബാന്‍ക്രോഫ്തിനും പിന്തുണയുമായി ഇന്ത്യന്‍ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും രോഹിത് ശര്‍മ്മയും രംഗത്ത്.

അവര്‍ പശ്ചാത്തപിക്കുകയും വേദനിക്കുകയും ചെയ്യുന്നുവെന്നും അവരുടെ കുടുംബത്തെയോര്‍ത്തെങ്കിലും അവരെ വെറുതേ വിടൂ എന്നുമാണ് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചത്. സ്മിത്തിന്റെയും സഹതാരങ്ങളുടെയും നടപടികള്‍ ക്രിക്കറ്റിനു മോശം പ്രതിച്ഛായ സൃഷ്ടിച്ചുവെങ്കിലും അവരുടെ തെറ്റ് അവര്‍ സമ്മതിച്ച് മാപ്പ് പറഞ്ഞു കഴിഞ്ഞുവെന്നു രോഹിത് പറഞ്ഞു.

നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ വെച്ച് സ്റ്റീവ് സ്മിത്ത് ക്രിക്കറ്റ് ലോകത്തോട് മാപ്പ് പറഞ്ഞ് പൊട്ടിക്കരഞ്ഞതിന് പിന്നാലെയാണ് സച്ചിന്റെയും രോഹിത്തിന്റെയും പതികരണം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിലാണ് ഓസ്‌ട്രേലിയന്‍ ടീമംഗങ്ങള്‍ പന്തില്‍ കൃത്രിമം കാണിച്ചത്.

തുടര്‍ന്ന് സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറണ്‍ ബെന്‍ക്രോഫ്റ്റ് എന്നീ താരങ്ങള്‍ക്കെതിരേ ക്രിക്കറ്റ് ഓസ്‌ട്രേലിയ നടപടി സ്വീകരിച്ചിരുന്നു. സ്റ്റീവ് സ്മിത്ത് വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞത് ട്വിറ്ററിലും വലിയ ചര്‍ച്ചയായിരുന്നു. ചെയ്തത് തെറ്റാണെങ്കിലും സ്മിത്തിന്റെ കരച്ചില്‍ കരളലിയിക്കുന്നതാണെന്നാണ് മിക്ക ട്വീറ്റുകളിലെയും അഭിപ്രായം.

നിരാശാജനകം’ എന്നാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലര്‍ക്ക് ട്വീറ്റ് ചെയ്തത്. ‘കാമറോണും സ്റ്റീവും ഈ അവസ്ഥയിലൂടെ പോവുന്നത് കാണുന്നത് വേദനയുണ്ടാക്കുന്നു. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് അവര്‍ ഭാവിയില്‍ മെച്ചപ്പെടും. എനിക്കുറപ്പുണ്ട്’ മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മിച്ചല്‍ ജോണ്‍സണ്‍ കുറിച്ചു.